തൃപ്പൂണിത്തറ: കേരള പോലീസില്‍ ചരിത്ര നേട്ടം സ്വന്തമാക്കി എആര്‍ ക്യാമ്പിലെ എസ്ഐമാരായ യുകെ രാജനും യുകെ രാജുവും. ഒരേ ദിവസം ജോലിയില്‍ പ്രവേശിച്ച് ഒരേ ദിവസം തന്നെ പടിയിറങ്ങിയാണ് നേട്ടം ഇവര്‍ കരസ്ഥമാക്കിയത്. കേരള പോലീസ് ചരിത്രത്തിലെ തന്നെ അപൂര്‍വ്വ സംഭവങ്ങളിലൊന്നാണ് എസ്ഐ ഇരട്ടസഹോദരങ്ങള്‍ ഒരേദിവസം സര്‍വീസില്‍ പ്രവേശിച്ച് ഒന്നിച്ച് വിരമിക്കുന്നത്.
1985 ഏപ്രില്‍ ഒന്നിനായിരുന്നു ഇരുവരും കോഴിക്കോട് സര്‍വീസില്‍ പ്രവേശിച്ചത്. 1990 മുതല്‍ 2005 വരെ കൊച്ചി സിറ്റി ക്യാമ്പിലും പിന്നീട് ഹില്‍ പാലസ് എആര്‍ ക്യാമ്പിലും സര്‍വീസ് ചെയ്തു. തുടര്‍ന്ന് എസ്ഐമാരായി ഗ്രേഡ് നേടി 34 വര്‍ഷത്തെ സേവനത്തിനിടയില്‍ ഒരിക്കല്‍ പോലും റിമാര്ക്കുകളൊന്നുമില്ലാതെയാണ് ഇരുവരും സേനയുടെ പടിയിറങ്ങുന്നത്. 2007ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ രാജു നേടിയപ്പോള്‍ 2009ല്‍ രാജനും മെഡല്‍ നേടി.
ഇരുവരും 15ഉം 13ഉം വീതം ഗുഡ് സര്‍വീസ് എന്‍ട്രിയും നേടിയിട്ടുണ്ട്. 1984ല്‍ കേരള പോലീസിലേക്കുള്ള കായികക്ഷമത പരീക്ഷയ്ക്ക് പോലും കോഴിക്കോട് ഇരുവരും ഒരുമിച്ചായിരുന്നു പങ്കെടുത്തത്. 1962 ഒക്ടോബര്‍ 25നാണ് മുളന്തുരുത്തി കാരിക്കോട് ഊന്നേല്കുഞ്ഞന്റെയും പെണ്ണമ്മയുടെയും അഞ്ചുമക്കളില്‍ ഇരട്ടകളായി ഇവര്‍ ജനിച്ചത്. ഒന്നുമുതല്‍ ഒമ്പതാംക്ലാസ് വരെ ഇവര്‍ ഒരുമിച്ചാണ് പഠിച്ചത്. പത്താംക്ലാസ് ജയിച്ചതോടെ ഇരുവരും രണ്ടുവഴിക്ക് പ്രീഡിഗ്രി പഠനത്തിനായി തിരിഞ്ഞ് വീണ്ടും ഒറ്റ ലക്ഷ്യത്തിനായി ഒരുമിച്ച് സഞ്ചരിച്ചു.