കോട്ടയം: മുണ്ടക്കയത്തു നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്ന മരിയയുടെ ദുരൂഹ തിരോധാനം പ്രളയക്കെടുതിയില്‍ മുങ്ങിപ്പോയെന്ന പ്രചരണങ്ങള്‍ തള്ളി അന്വേഷണ സംഘം. ജെസ്നയുടെ രൂപസാദൃശ്യത്തില്‍ പെണ്‍കുട്ടിയെ കണ്ടുവെന്നതിന്റെ അടിസ്ഥാനത്തില്‍ ആറാം തവണയും പോലീസ് ബംഗളൂരുവിലേയ്ക്ക് തിരിച്ചു.
ഫോണ്‍ സന്ദേശങ്ങളെ പിന്തുടര്ന്ന് ബംഗളൂരുവിലെ ആറോളം സ്ഥലങ്ങളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളടക്കം വിശദമായി പരിശോധിച്ചിട്ടും ജെസ്നയെപ്പറ്റി സൂചന ലഭിച്ചിട്ടില്ല. സൈബര്‍ അന്വേഷണത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് തിരുവല്ല ഡിവൈഎസ്പി പറഞ്ഞു. ജെസ്നയെ കാണാതായിട്ട് 146 ദിവസം പിന്നിട്ടു. പോലീസ് പലയിടങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണപ്പെട്ടികളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണവും വിഫലമായി.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജെയിംസിന്റെ മകള്‍ ജസ്നയെ കഴിഞ്ഞ മാര്‍ച്ച് 22-നു രാവിലെയാണു കാണാതായത്.
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കു പോകാനെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ജസ്നയെപ്പറ്റി പിന്നീടു വിവരം ലഭിച്ചിട്ടില്ല.