തൃശൂര്‍: വര്‍ഷങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ സ്വപ്നങ്ങളെല്ലാം തകര്‍ത്തെറിഞ്ഞത് നിമിഷങ്ങള്‍ കൊണ്ടാണ്. കഠിനാധ്വാനം കൊണ്ട് വീടുവച്ചു. സഹോദരിമാരെ കെട്ടിച്ചയച്ചു. ബാങ്ക് വായ്പയില്‍ ഒരു കച്ചവടവും തുടങ്ങി. അങ്ങനെ ജീവിതം കരുപ്പിടിപ്പിച്ചു വരുന്നതിനിടയിലാണ് ഇക്കഴിഞ്ഞ പെരുമഴക്കാലം പാറേക്കാട്ടില്‍ സജിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്.
പച്ചപിടിച്ചുവന്ന ജീവിതത്തില്‍ ഇനിയൊന്നും ബാക്കിയില്ല. പേമാരിക്കൊപ്പമുണ്ടായ ഉരുള്‍പൊട്ടല്‍ എല്ലാം തകര്‍ത്തെറിഞ്ഞു. മകളും അമ്മയും വീടും സ്ഥലവും വാഹനവും എല്ലാം പോയി.” ഒടിഞ്ഞുതൂങ്ങിയ മാരുതി ഓമ്നി വാനിന് മുന്നില്‍ നിന്ന് വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലം നോക്കി നെടുവീര്‍പ്പോടെ സജി പറഞ്ഞു.
തൃശൂര്‍ കുറാഞ്ചേരിയില്‍ 19 പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്ക് 21 ദിവസത്തിനുശേഷമാണ് പാറേക്കാട്ടില്‍ സജി കഴിഞ്ഞ ദിവസമെത്തിയത്. വീടിരുന്ന സ്ഥലത്തേക്ക് നോക്കുമ്പോള്‍ കണ്ണ് നിറയും. വീടിന്റെ വടക്കുഭാഗത്തുണ്ടായിരുന്ന മുറിയുടെ സ്ഥലത്ത് നിന്ന് ഇപ്പോഴും അമ്മ റോസിയുടെയും മകള്‍ എയ്ഞ്ചലിന്റെയും നിലവിളി കേള്‍ക്കുന്നതുപോലെ.
ആഗസ്റ്റ് 16ന്റെ ദുരന്തചിത്രം സജിയുടെ മുഖത്ത് ഇപ്പോഴും ഭീതി നിറയ്ക്കുന്നു. രാവിലെ ആറു മണിയോടെയായിരുന്നു ഉരുള്‍പൊട്ടല്‍. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നതിനുമുമ്പ് ഇടിഞ്ഞുവീണ വീടിന്റെ സ്ലാബിനുള്ളില്‍ സജിയുടെ കാല് കുടുങ്ങി. ഒരു കൈയില്‍ രണ്ടുമക്കളെയും ഭാര്യയെയും കൂട്ടിപ്പിടിച്ചു. ഫോണില്‍ പറ്റുന്നവരെയൊക്കെ വിളിച്ചു.
രക്ഷപ്പെടുത്താനെത്തിയ ഫയര്‍ഫോഴ്സിനോട് വേദനയില്‍ പുളഞ്ഞ് സജി അലളിവിളിച്ചു പറഞ്ഞു: ഞങ്ങളെ രക്ഷിക്കണം…ഭാര്യ ജോളി, മക്കളായ ജോഷ്വാ, കാതറിന് എന്നിവരെ രക്ഷാപ്രവര്‍ത്തകര്‍ ആദ്യം പുറത്തെത്തിച്ചു. കട്ടര്‍ ഉപയോഗിച്ച് സ്ലാബ് തകര്‍ത്ത് ഒന്നരമണിക്കൂറിനുശേഷം സജിയെയും. മറ്റൊരു മുറിയിലുണ്ടായിരുന്ന അമ്മ റോസിയെയും മകള്‍ എയ്ഞ്ചലിനെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമായി. വൈകിട്ട് നാലുമണിയോടെ വിറങ്ങലിച്ച രണ്ടുപേരുടെയും ശരീരമാണ് മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കാനായത്. ഒരേക്കറിലധികംവരുന്ന സ്ഥലത്ത് സജിയുടേത് ഉള്‍പ്പെടെ നാല് വീടുകളുണ്ടായിരുന്നു. ഇപ്പോള്‍ കുറേ മണ്‍കൂനകള്‍ മാത്രം.
അപ്പനപ്പൂപ്പന്മാര് മുതല്‍ സജിയുടെ കുടുംബം ഇവിടെയാണ് താമസം. അച്ഛന്റെ മരണത്തോടെ കുടുംബഭാരം സജിയുടെ ചുമലിലായി. ഒന്നുമില്ലായ്മയില്‍ നിന്നുള്ള തുടക്കമായിരുന്നു അത്. ഐസ്ക്രീം കമ്പനിയില്‍ ജോലി ചെയ്ത് രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ചു. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് പിന്നീട് സ്വന്തമായി ഐസ്ക്രീം വിതരണ കമ്പനി തുടങ്ങി. വീടുവച്ചതും ഐസ്ക്രീം വിതരണത്തിന് വാഹനങ്ങള്‍ വാങ്ങിയതും അതിനുശേഷം.
സ്വന്തമായി വാങ്ങിയവയില്‍ ഇനി ബാക്കിയെന്ന് പറയാന്‍ ഒരു സ്കൂട്ടറുണ്ട്. ദുരന്തസമയത്ത് സര്‍വീസ് സെന്ററിലായിരുന്നു സ്കൂട്ടര്‍. തെക്കുംകര പഞ്ചായത്തും വടക്കാഞ്ചേരി നഗരസഭയും സംയുക്തമായി ഏര്‍പ്പെടുത്തിയ വാടക വീട്ടിലാണ് ഇപ്പോള്‍ സജിയുടെയും കുടുംബത്തിന്റെയും താമസം.