മാവേലിക്കര: വിവാഹവേദിയിലും പ്രളയദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി നവദമ്പതികള്‍.
നിധിപോലെ കാത്തുസൂക്ഷിക്കുന്ന പവിത്രമായ വിവാഹമോതിരം സോന സോമന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കി മാതൃകയായി.
കല്ലുമല ഉമ്പര്‍നാട് സെന്വില്ലയില് സോന സോമനാണു കതിര്‍മണ്ഡപത്തില്‍ വച്ച് വിവാഹ മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാനായി വിവാഹത്തിനെത്തിയ ആര് രാജേഷ് എംഎല്‍എയ്ക്കു കൈമാറി.
അമ്പലപ്പുഴ കരുമാടി ബിജേഷ് ഭവനത്തില്‍ ബൈജുവുമായി ഇന്നലെ ആയിരുന്നു സോനയുടെ വിവാഹം. ജില്ലാ പൊലീസ് മേധാവിയുടെ കോട്ടയം ഓഫിസിലെ സിവില്‍ പൊലീസ് ഓഫിസറായ ബൈജു പരേതനായ ബാലന്റെയും വിജയമ്മയുടെയും മകനാണ്. ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥന് വികെ സോമന്റെയും പങ്കജാക്ഷിയുടെയും മകളായ സോന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് കഴിഞ്ഞു പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു ജോലി കാത്തിരിക്കുകയാണ്.
സോനയുടെ സഹോദരന് സെന്‍ സോമന് ഡിവൈഎഫ്ഐ ടൗണ്‍ തെക്ക് മേഖലാ പ്രസിഡന്റാണ്. വിവാഹത്തിനു മംഗളാശംസകളേകാന് ആര് രാജേഷ് എംഎല്‍എ വരുന്നതു കണ്ട് ബൈജുവിന്റെ അനുമതി ചോദിച്ച് വിവാഹമോതിരം ഊരിനല്കുകയായിരുന്നെന്നു സോന പറഞ്ഞു. പ്രളയകാലത്തു സോനയുടെ വീട്ടില്‍ വെള്ളം കയറിയില്ലെങ്കിലും വെള്ളപ്പൊക്കത്തിന്റെ രൂക്ഷത നേരിട്ട ഏതാനും ബന്ധുക്കള്‍ വീട്ടിലെത്തി താമസിച്ചിരുന്നു.