ഇടുക്കി: ഏറെ നാശം വിതച്ച പ്രളയത്തിനു പിന്നാലെ ഇടുക്കിയില്‍ ഭീഷണിയായി ഭൂമി വിണ്ടുകീറല്‍ പ്രതിഭാസം. നിരവധി വീടുകളുടെ തറകള്‍ രണ്ടായി പിളരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മാവടിയില്‍ അമ്പലക്കവല തേരകംമറ്റത്തില് സോമന്റെ വീടിന്റെ തറയില്‍ ഓഗസ്റ്റ് 14 ന് ആദ്യ വിള്ളല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 14 നായിരുന്നു ഈ മേഖലയില്‍ വ്യാപകമായി ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
കഴിഞ്ഞ ഞായറാഴ്ച വീടിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു. ഉരുള്‍പൊട്ടലില്‍ മലയിടിഞ്ഞ് സോമന്റെ അരയേക്കര്‍ കൃഷിയിടവും മൂടിപ്പോയിരുന്നു. കനത്ത മഴ പെയ്ത് മണ്ണിനടിയില്‍ കൂടുതല്‍ വെള്ളം സംഭരിക്കപ്പെട്ടതിനാല്‍ ഭൂമിക്ക് കടുത്ത സമ്മര്‍ദമുണ്ടെന്നും ഇതുകൊണ്ടാണ് ഭൂമി വീണ്ട് കീറുന്നതെന്നും ഇടുക്കി ജില്ലാ ജിയോളജി വിഭാഗം തലവന്‍ ഡോ ബി അജയകുമാര്‍ പറയുന്നു.
ചെമ്പകപ്പാറ കൊച്ചു കാമാഷി മേഖലയിലെ വീടുകളിലെ ചുമരുകളിലും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവിടത്തെ നിരവധി വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിള്ളല്‍ രൂപപെട്ടിരിക്കുന്നത്. കനത്ത മഴ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ രൂപപെടുന്നത് പ്രദേശവാസികളില്‍ ആശങ്കയും, ഭീതിയും ഉണര്‍ത്തുകയാണ്.
മഴ കുറഞ്ഞതോടെ നിരവധി വീടുകളിലാണ് വിള്ളല്‍ രൂപപെട്ടിരിക്കുന്നത്. ചില വീടുകളുടെ ഭിത്തികള്‍ തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന ഭാഗത്തും വിള്ളല്‍ രൂപപെട്ടിട്ടുണ്ട്. സിമന്റ് പ്ലാസ്റ്ററിംഗ് വിണ്ട് കീറിയ അവസ്ഥയിലുമാണ്.
അമ്പലക്കവല നിന്ന് നൂറ്റമ്പത് മീറ്റര്‍ മാറിയുള്ള നെടുങ്കണ്ടം മാവടി പണിക്കന്‍കുടി റോഡില്‍ ഇതിന് ചോര്‍ന്നുള്ള കൃഷിയിടങ്ങളിലും ഭൂമി വിണ്ടുകീറി. റോഡിലെ കലുങ്കിന്റെ സ്ലാബുകള്‍ വേര്‍പെട്ടു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഈ മേഖലയില്‍ നാല്പതിന് മുകളില്‍ വീടുകളുടെ ചുമരുകളില്‍ അപകടകരമായ രീതിയില്‍ വിണ്ടുകീറല്‍ പ്രത്യക്ഷപ്പെട്ടു. വീട്ടുകാര്‍ ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും താമസം മാറി.