മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ താരം സല്മാന് ഖാനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. വിദേശകാര്യ മന്ത്രിയുടെ വേഷത്തിലേയ്ക്കായിരുന്നു തന്നെ ക്ഷണിച്ചിരുന്നതെന്ന് തരൂര്‍ വെളിപ്പെടുത്തി. എന്നാല്‍ തന്റെ സുഹൃത്തുകളുടെ വാക്കുകള്‍ ശരിയാണെന്ന് മനസില്‍ തെളിഞ്ഞതോടെയാണ് ആ അവസരം തട്ടി കളഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സല്മാന് ഖാന് നായകനായ ഒരു പ്രശസ്ത സംവിധായകന്റെ ചിത്രത്തിലേയ്ക്കായിരുന്നു അവസരം ലഭിച്ചത്. ‘വിദേശകാര്യ മന്ത്രിയായി അഭിനയിക്കാനായിരുന്നു അവര്‍ എന്നെ വിളിച്ചത്. എന്നാല്‍ എന്റെ നല്ലവരായ സുഹൃത്തുക്കള്‍ പറഞ്ഞു നിങ്ങള്‍ക്ക് വിദേശകാര്യമന്ത്രിയാകണം എന്നുണ്ടെങ്കില്‍, വിദേശകാര്യമന്ത്രിയായി അഭിനയിക്കാതിരിക്കുക എന്ന്. അതില്‍ കാര്യമുണ്ടെന്ന് എനിക്കും തോന്നി, അതുകൊണ്ട് ഞാന്‍ ആ ക്ഷണം വേണ്ടെന്നു വച്ചു,’ശശി തരൂര്‍ പറഞ്ഞു.
താന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്ന കാലം മുതല്‍ സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയെന്നും, എന്നാല്‍ താന്‍ യുവാവും സുന്ദരനുമായിരുന്ന കാലത്ത് എന്തുകൊണ്ടാണ് ആരും സിനിമയിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അദ്ദേഹം ആശ്ചര്യത്തോടെ ചോദിക്കുന്നു.