ലഖ്നൗ: ധൈര്യമുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി നോട്ടു നിരോധനം നടത്തി, തെരഞ്ഞെടുപ്പിനെ നേരിടൂവെന്ന് മോഡി സര്‍ക്കാരിനോട് അഖിലേഷ് യാദവ്. ലഖ്നൗവില്‍ നടന്ന ഹിന്ദുസ്ഥാന്‍ ശിഖര്‍ സമാഗമില് പങ്കെടുത്തു സംസാരിക്കവേയാണ് നോട്ടുനിരോധനത്തെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ക്കു സമയമായെന്ന് അഖിലേഷ് അഭിപ്രായപ്പെട്ടത്.
മോഡി നോട്ടുനിരോധനം നടപ്പില്‍ വരുത്തുമ്പോള്‍ വാദപ്രതിവാദങ്ങളൊന്നും നടന്നിരുന്നില്ല. എന്നാലിപ്പോള്‍, നിരോധനത്തിന്റെ പ്രത്യാഘാതങ്ങളെല്ലാം തിരിച്ചറിയപ്പെട്ടിട്ടുണ്ട്.’ ‘ഏകപക്ഷീയമായ തീരുമാനമായിരുന്നു അത്. 2017ലെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പു ജയിക്കുമ്പോള്‍ നോട്ടുനിരോധനം വലിയ വിജയമായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അങ്ങിനെയെങ്കില്‍, അവര്‍ നോട്ടുനിരോധനം ഒരിക്കല്‍ക്കൂടി നടപ്പില്‍ വരുത്തട്ടെ.
വരാനിരിക്കുന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും അതിനു ശേഷം ജയിച്ചു കാണിക്കട്ടെ.’ അഖിലേഷ് പറയുന്നു. താന്‍ യാഥാര്ത്ഥ്യബോധമുള്ളയാളാണെന്നും ഉത്തര്‍പ്രദേശില്‍ മെച്ചപ്പെട്ട റോഡുകളും സൗകര്യങ്ങളും കൊണ്ടുവരിക എന്നതാണ് തന്റെ സ്വപ്നമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.