ന്യൂഡല്‍ഹി: അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. സംഭവത്തില്‍ വിയോജിപ്പ് പ്രകടമാക്കുന്നത് രാജ്യത്തിന്റെ വിഭജനത്തിനാകരുതെന്നും, അത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം തത്വശാസ്ത്രം ഉപയോഗിച്ച് കലാപത്തിലൂടെ രാജ്യത്തെ വ്യവസ്ഥാപിത ഭരണകൂടത്തെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയതിനാണ് അവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിനെതിരെ ഉയരുന്ന ഭീഷണികള്‍ക്കെതിരെ ആവശ്യമായ ബലം പ്രയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തില്ല. പക്ഷേ, നിയമം കൈയ്യിലെടുത്ത് രാജ്യത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ജനങ്ങളെ തെറ്റിധരിപ്പിക്കാനായി നക്സലുകള്‍ നഗരങ്ങളിലേക്ക് വരുന്നത് അപ്രതീക്ഷിതമായിരുന്നു. ഹീനമായ പദ്ധതികളുമായി അവര്‍ നഗര മേഖലകളിലേക്ക് എത്താന്‍ ശ്രമിക്കുന്നുവെന്നതിന് രഹസ്യാന്വേഷണ വിവരങ്ങളുണ്ടെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലായവര്‍ ആ കൂട്ടത്തില്‍ പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കോടതി അക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇതേ കുറ്റങ്ങള്‍ക്ക് നേരത്തെയും ചിലര്‍ പിടിയിലായിരുന്നുവെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വിഷയത്തില്‍ കൃത്യമായ അന്വഷണം നടത്തി തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് ഇപ്പോഴത്തെ അറസ്റ്റെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.