ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ മറവില്‍ രാജ്യത്ത് മൂന്ന് മുതല്‍ നാല് ലക്ഷം കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തുവെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പി ചിദംബരം. എല്ലാ പണവും മാറ്റിയെടുത്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും രാജ്യത്തെ വലിയൊരു ശതമാനം കള്ളപ്പണവും വെളുപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
നാല് ലക്ഷം കോടിയോളം രൂപ റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തില്ലെന്നും അത് കള്ളപ്പണം ആയിരിക്കുമെന്നുമാണ് മോഡി സര്‍ക്കാര്‍ പറഞ്ഞിരുന്നതെന്നും ചിദംബരം ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കാന്‍ കഴിഞ്ഞവര്‍ക്ക് മാത്രമാണ് നോട്ട് നിരോധനം കൊണ്ട് പ്രയോജനമുണ്ടായത്. നൂറോളം ജീവനുകള്‍ നഷ്ടമായി. നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമായി. ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നു. ഇതെല്ലാമാണോ നോട്ട്നിരോധനം കൊണ്ട് നേടിയെന്ന് അരുണ്‍ ജയ്റ്റ്ലി അവകാശപ്പെടുന്നതെന്നും ചിദംബരം ചോദിച്ചു.