ജയ്പൂര്‍: വഴിയരികില്‍ ഉറങ്ങി കിടന്നവര്‍ക്കു മേല്‍ കാര്‍ കയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ജയ്പൂര്‍ ഡയറി പ്ലാന്റിനടുത്ത് വഴിയോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന നാലു പേര്‍ക്കു മേലാണ് അമിതവേഗതയിലെത്തിയ വാഹനം ഓടിക്കയറിയത്. വ്യാഴാഴ്ച അര്‍ധരാത്രിയോടടുത്തായിരുന്നു സംഭവം.
നിയന്ത്രണം വിട്ട സ്കോര്‍പിയോ എസ്യുവിയാണ് രണ്ടു പേരുടെ മരണത്തിനിടയാക്കിയത്. ഡ്രൈവര്‍ക്ക് വാഹനം നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നും, വഴിയോരത്തേക്ക് ഓടിക്കയറിയ വാഹനം ഉറങ്ങിക്കിടക്കുന്ന നാലു പേര്‍ക്കു മേല്‍ കയറിയിറങ്ങുകയായിരുന്നെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
പരിസരത്തുണ്ടായിരുന്നവര്‍ ഓടിക്കൂടി പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമിക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇതേസമയം, വാഹനം ഓടിച്ചിരുന്നയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഇയാളെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. ഇയാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.