ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 35 എയുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇന്ന് സുപ്രീം കോടതി വാദം കേള്‍ക്കും. പാര്‍ലമെന്റില്‍ പാസ്സാക്കാതെയാണ് ഈ വകുപ്പ് ഭരണഘടനയുടെ ഭാഗമായതെന്നും അതുകൊണ്ടുതന്നെ ഇത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സന്നദ്ധ സംഘടന ഹര്‍ജി നല്‍കിയത്.
1954ല്‍ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ കാലത്താണ് പ്രത്യേക ഉത്തരവിലൂടെ ആര്‍ട്ടിക്കിള്‍ 35എ നിലവില്‍ വന്നത്. 35എ വകുപ്പ് പ്രകാരം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജമ്മു കാശ്മീരില്‍ വസ്തു വാങ്ങുന്നതിന് അധികാരമില്ല. മാത്രമല്ല തദ്ദേശവാസികള്‍ ആരെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണ്. എന്നാല്‍ ഭരണഘടന പ്രകാരം രാജ്യത്തെവിടെയും താമസിക്കുന്നതിനും വസ്തു വാങ്ങിക്കുന്നതിനും ഇന്ത്യന്‍ പൗരന് അവകാശമുണ്ടെന്നും അതിനാല്‍ ആര്‍ട്ടിക്കിള്‍ 35എ ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന വാദം.