അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ താറാവ് സിദ്ധാന്തത്തിന് പിന്തുണ നല്കി ബിജെപി നേതൃത്വം. താറാവ് നീന്തുന്ന വെള്ളത്തില്‍ ഓക്സിജന്റെ അളവ് കൂടുതലായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ ബിപ്ലബിന്റേത് അബദ്ധ പ്രസ്താവനയാണെന്ന് ത്രിപുര സംസ്ഥാന സയന്‍സ് ആന്റ് ടെക്നോളജിയുടെ മുന്‍ ഗവേഷണ ഓഫീസര്‍ ഡോ മിഹിര്‍ ലാല്‍ റോയ് പറഞ്ഞു.
ബിപ്ലബിന്റെ പ്രസ്താവനയ്ക്ക് ശാസ്ത്രിയ തെളിവുണ്ടെന്ന് പാര്‍ട്ടി വക്താവ് അശോക് സിന്‍ഹ പറഞ്ഞിരുന്നു. അതിനായി നിരത്തിയത് മറ്റൊന്നാണ്. ഇന്ത്യക്കാര്‍ക്ക് പരമ്പരാഗതമായി തന്നെയുളള ഒരറിവാണിതെന്നും, മത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍ താറാവുകളെ ഉപയോഗിക്കുന്നത് കാലങ്ങള്‍ക്കു മുന്‍പേ ഇന്ത്യയില്‍ ചെയ്തു വരുന്നുണ്ടെന്നും ഗവേഷകരും ഇത് അംഗീകരിച്ചിട്ടുള്ളതാണെന്നും അശോക് സിന്‍ഹ പറയുന്നു.
താറാവ് നീന്തുന്ന വെള്ളത്തില്‍ ഓക്സിജന്‍ ഉണ്ടാകുമെന്നും ആയതിനാല്‍ എല്ലാവരും താറാവിനെ വളര്‍ത്തണമെന്നും ആയിരുന്നു ബിപ്ലബ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുവാന്‍ ജനങ്ങള്‍ക്ക് താറാവിനെ വിതരണം ചെയ്യണമെന്നാണ് ബിപ്ലബ് പറയുന്നത്. അവ വെള്ളം ശുദ്ധീകരിക്കുകയും, ജലത്തിലെ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.