ജയ്പൂര്‍: സ്കൂളില്‍ വെച്ച പാത്രത്തില്‍ നിന്നും കുടിക്കാന്‍ വെള്ളമെടുത്തതിന് അധ്യാപകന്റെ മര്‍ദനമേറ്റ് ദലിത് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന് പിന്നാലെ രാജിവെച്ച് എംഎല്‍എ. രാജസ്ഥാനിലെ അത്രു മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ പനചന്ദ് മേഘ്വാള് ആണ് രാജിവച്ചത്.
സംഭവത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് അറിയിച്ചുകൊണ്ട് എംഎല്‍എ രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൈമാറി. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്കു ശേഷവും ദലിതര്‍ ആക്രമിക്കപ്പെടുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇന്നും ദലിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി പോരാടേണ്ട സ്ഥിതിയാണ്. ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണ്.” എംഎല്‍എ പറഞ്ഞു.
”ഈ അടിച്ചമര്‍ത്തല്‍ തടയാന്‍ എനിക്ക് കഴിയുന്നില്ല,അതിനാല്‍ ഞാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നു.’ പനചന്ദ് മേഘ്വാള് മുഖ്യമന്ത്രിക്ക് അയച്ച രാജിക്കത്തില്‍ പറഞ്ഞു. മരിച്ച കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി പോരാടും’ എന്നും അദ്ദേഹം അറിയിച്ചു.
ഉയര്‍ന്ന ജാതിക്കാര്‍ക്കു വേണ്ടി സ്കൂളില്‍ കുടിവെള്ളം സൂക്ഷിച്ച പാത്രത്തില്‍ തൊട്ടെന്ന് ആരോപിച്ച് അധ്യാപകന് ക്രൂരമായി മര്‍ദിച്ചാണ് ജലോര്‍ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥി ഇന്ദ്രകുമാര്‍ മേഘ്വാള് (9) മരിച്ചത്. അധ്യാപകന് ചായില്‍ സിങ്ങിനെ (40) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.