ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ എതിരാളിയെ മലര്‍ത്തിയടിച്ച് സ്വര്‍ണ്ണം നേടി വിമാനമിറങ്ങിയ വിനേഷ് ഫൊഗട്ടിന് കിടിലന്‍ സര്‍പ്രൈസ് ഒരുക്കി കുടുംബം. വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിനേഷിന് വിവാഹ നിശ്ചയം നടത്തികൊണ്ടായിരുന്നു സ്വീകരിച്ചത്.
ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡ് സ്വന്തമാക്കിയാണ് വിനേഷ് മടങ്ങിയത്. കാമുകനും ഗുസ്തി താരവുമായ സോംവിര്‍ രതിയാണ് വിനേഷിന്റെ കൈയ്യില്‍ മോതിരം അണിയിച്ചത്. ഒപ്പം കേക്കു മുറിച്ച് വിനേഷിന്റെ 24-ാം പിറന്നാളാഘോഷവും ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നു.
ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത തെറ്റാണെന്നും ആ വിവാദമല്ല തന്റേയും സോംവിറിന്റേയും വിവാഹനിശ്ചയത്തിന് പിന്നിലുള്ളതെന്നും വിനേഷ് പിന്നീട് വ്യക്തമാക്കി. എട്ട് വര്‍ഷമായി താനും സോംവിറും പ്രണയത്തിലാണെന്നും ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും വിനേഷ് പ്രതികരിച്ചു.