മുംബൈ: രണ്ടു വീടുകളിലായി ഒരു കുടുംബത്തിലെ ഒന്‍പതു പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മഹൈസല്‍ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. സഹോദരന്മാരായ പോപ്പറ്റ് വാന്‍മോര്‍, ഡോ. മണിക് വാന്‍മോര്‍, ഇവരുടെ അമ്മ, ഭാര്യമാര്‍, നാല് കുട്ടികള്‍ എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ആത്മഹത്യകള്‍ നടന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. രണ്ട് വീടുകളില്‍നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. പോപ്പറ്റ് വാന്‍മോര്‍ അധ്യാപകനും മണിക് വാന്‍മോര്‍ വെറ്ററിനറി ഡോക്ടറുമാണ്.
കടബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. ഇരുവരും വിവിധ ആളുകളില്‍നിന്ന് വന്‍തോതില്‍ പണം കടം വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 1.5 കിലോമീറ്റര്‍ അകലെയാണ് രണ്ടുപേരുടെയും വീടുകള്‍. വിഷം കഴിച്ചാണ് 9 പേരുടെയും മരണമെന്നാണ് ലഭിക്കുന്ന വിവരം.
വീട്ടില്‍ നിന്നും ആരും പാല് വാങ്ങാന്‍ വരാത്തതിനെ തുടര്‍ന്ന് മാണിക് വാന്മോറിന്റെ വീട്ടില്‍ അന്വേഷിച്ചുപോയ ഗ്രാമത്തിലെ പെണ്‍കുട്ടിയാണ് കുടുംബാംഗങ്ങളെ മരിച്ച നിലയില്‍ കണ്ടത്. കാഴ്ച കണ്ട് നടുങ്ങിയ പെണ്‍കുട്ടി വിവരം അയല്‍വാസികളെ അറിയിക്കുകയായിരുന്നു. ഇവരാണ് പോലീസിനെ വിവരമറിയിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.