മുംബൈ: അച്ഛനും മകനും ഒന്നിച്ച് പഠിച്ച് ഒന്നിച്ച് പത്താം ക്ലാസ് പരീക്ഷയെഴുതി, ഒടുവില്‍ ഫലം വന്നപ്പോള്‍ അച്ഛന് ജയിച്ചു, പക്ഷേ മകന് തോറ്റു. പുണെ സ്വദേശി ഭാസ്കര്‍ വാഗ്മാരെയും മകന് സാഹിലുമാണ് ഒന്നിച്ച് പരീക്ഷയെഴുതിയത്. ഭാസ്കര്‍ തന്റെ 43ാം വയസ്സില്‍ പത്താം ക്ലാസ് എന്ന കടമ്പ കടന്നു. എന്നാല്‍ മകന് സാഹില്‍ തോറ്റുപോയത് കുടുംബത്തെ വേദനയിലാഴ്ത്തി.
സാഹിലായിരുന്നു അച്ഛനെ പഠിക്കാന്‍ സഹായിച്ചിരുന്നത്. രണ്ടു വിഷയങ്ങളിലാണു മകന് തോറ്റത്. മഹാരാഷ്ട്ര ബോര്‍ഡ് ഓഫ് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ നടത്തിയ പരീക്ഷയാണ് ഇരുവരും എഴുതിയത്. ബാബാ സാഹേബ് അംബേദ്കര്‍ ഡയസ് പ്ലോട്ടിലാണ് ഇവരുടെ താമസം.
also read: നടന് സതീഷ് വജ്ര വീട്ടില്‍ മരിച്ച നിലയില്‍, ഭാര്യാസഹോദരന്‍ ഉള്‍പ്പെടെ രണ്ടു പേര് അറസ്റ്റില്‍
കുടുംബ പ്രാരാബ്ധങ്ങളെ തുടര്‍ന്ന് ഏഴാംക്ലാസില്‍ പഠനം നിര്‍ത്തിയ ഭാസ്കര്‍ സ്ഥിതി മെച്ചപ്പെട്ടപ്പോഴാണ് വീണ്ടും പഠിക്കണമെന്ന മോഹം പൊടിത്തട്ടിയെടുത്തത്. അങ്ങനെ 30 വര്‍ഷത്തിനുശേഷം മകനോടൊപ്പം പരീക്ഷയെഴുതാന്‍ തീരുമാനിക്കുകയായിരുന്നു.
”കൂടുതല്‍ പഠിക്കാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. കുടുംബ ഉത്തരവാദിത്വങ്ങള്കാരണം അതിനുകഴിഞ്ഞില്ല. മകന് പത്താംക്ലാസിലായതിനാലാണ് പരീക്ഷയെഴുതാന്‍ തീരുമാനിച്ചത്. പഠനത്തിന് മകന് സഹായിച്ചു. സ്വകാര്യമേഖലയിലെ ജോലിക്കുശേഷം എല്ലാദിവസവും പഠിക്കും” -വാഗ്മരെ പറഞ്ഞു.
സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ മകനെ സഹായിക്കുമെന്നും തുടര്പഠനത്തിനാണു പദ്ധതിയെന്നും ഭാസ്കര്‍ കൂട്ടിച്ചേര്‍ത്തു. ”അച്ഛന്റെ ആഗ്രഹം സഫലമായതില്‍ സന്തോഷമുണ്ട്. പഠിക്കാനുള്ള ആഗ്രഹം ഞാനും ഉപേക്ഷിക്കില്ല. സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ഞാനും വിജയിക്കും” -സാഹില്‍ പറഞ്ഞു.