ന്യൂഡൽഹി: മകളോട് അമ്മ കാണിച്ച ക്രൂരതയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. കുട്ടിയുടെ രണ്ടു കൈകളും കാലുകളും പിറകിലേക്ക് പിടിച്ച് കയറുകൊണ്ട് കെട്ടിയിട്ട് ടെറസിലെ പൊരിവെയിലിൽ ഉപേക്ഷിച്ചാണ് അമ്മ ക്രൂരത കാണിച്ചിരിക്കുന്നത്. സ്കൂളിൽ നിന്ന് നൽകിയ ഹോം വർക്കുകൾ പൂർത്തിയാക്കാത്തതിനാണ് അഞ്ചുവയസുകാരിയെ അമ്മ ഇത്തരത്തിൽ ശിക്ഷിച്ചത്.
ഡൽഹിയിലെ ഖജൗരി ഖാസ് മേഖലയിലാണ് സംഭവം. അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും സോഷ്യൽമീഡിയയിലടക്കം രോഷം ഉയരുകയും ചെയ്തതോടെ ഏഴുമിനുട്ട് മാത്രമേ ശിക്ഷിച്ചിട്ടുള്ളുവെന്ന വിശദീകരണവുമായി അമ്മ രംഗത്തെത്തി. ചോദ്യം ചെയ്യാനെത്തിയ പോലീസിനോടും ഇവരിക്കാര്യമാണ് പറഞ്ഞിരിക്കുന്നത്.
കൈകാലുകൾ കെട്ടിയിട്ട നിലയിൽ നിന്നും രക്ഷപ്പെടാൻ കുട്ടി ശ്രമിക്കുന്നതും വെയിലിന്റെ ചൂട് മൂലം ദേഹം പൊള്ളി അവൾ കരയുന്നതിന്റെയും ദൃശ്യങ്ങൾ കണ്ണുനനയിക്കുന്നതാണ്. ഇവർ താമസിക്കുന്ന വീടിന്റെ സമീപത്തെ വീട്ടിലെ സ്ത്രീയാണ് വീഡിയോ പകർത്തിയത്. ഉച്ചക്ക് രണ്ടുമണിയോടെയാണ് കുട്ടിയെ വെയിലത്തേക്ക് കൊണ്ടുവന്നതെന്ന് വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം, സംഭവത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് ട്വീറ്റ് ചെയ്തു.