ജോധ്പുര്‍: രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഗൗരവ് യാത്രയ്ക്കു നേരെ കല്ലേറ്. ഇതേതുടര്‍ന്ന് അവര്‍ പിപാര്സിറ്റിയില് നിന്ന് പ്രത്യേക വിമാനത്തില്‍ ജയ്പുരിലേക്കു മടങ്ങി. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ബസിനു നേരെയാണു കല്ലേറുണ്ടായത്.
ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്നു ബിജെപി നേതൃത്വം ആരോപിച്ചു. ഒരു കോണ്‍ഗ്രസ് നേതാവാണ് ഇതിനു പിന്നിലെന്നും രാജസ്ഥാനുവേണ്ടി ജീവന് വെടിയാന്‍ തയാറുള്ള താന്‍ ഇതുകൊണ്ടൊന്നും പിന്തിരിയില്ലെന്നും യാത്ര തുടരുമെന്നും വസുന്ധര പ്രതികരിച്ചു. ശനിയാഴ്ച രാത്രി 9.15നു പിപാര്സിറ്റിയില് ബസിനു മുകളില്‍നിന്നു വസുന്ധര രാജെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണു കല്ലേറുണ്ടായത്.
കല്ലെറിഞ്ഞയാള്‍ ബഹളത്തിനിടയില്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ടിനു മുദ്രവാക്യ വിളിച്ചു കടന്നുകളഞ്ഞു. ഇയാളുടെ ചിത്രം ലഭ്യമായിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വസുന്ധര രാജെ നടത്തുന്ന ഗൗരവ് യാത്ര ജോധ്പുര്‍ ഡിവിഷനില്‍ എത്തിയശേഷം ശനിയാഴ്ച മൂന്നിടത്തു പ്രതിഷേധവും സംഘര്‍ഷവുമുണ്ടായി.