ചെന്നൈ: കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമാണ് സഹായങ്ങള്‍ ഒഴുകിയെത്തുന്നത്. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി പണത്തിനു പുറമെ തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിലേക്ക് ഒരു ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം അയച്ചു.
‘അമ്മ’ ബ്രാന്‍ഡ് കുപ്പിവെള്ളവുമായി 11 ലോറികളാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. അരി, ധാന്യങ്ങള്‍, മരുന്നുകള്‍ തുടങ്ങി നാല് കോടിയോളം രൂപ വിലവരുന്ന 42 തരം സാധനങ്ങളും കേരളത്തിലേക്ക് അയച്ചതായി മന്ത്രി എസ്പി വേലുസ്വാമി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും തമിഴ്നാട് നല്കി. അഞ്ച് ലക്ഷം രൂപയുടെ വെള്ളം ശുദ്ധീകരിക്കാനുള്ള യന്ത്രങ്ങളും സര്‍ക്കാര്‍ ഇതര സംഘടന കേരളത്തിനായി നല്കി.