ചെന്നൈ: 17കാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്ത 26കാരിയായ അധ്യാപികയ്ക്കെതിരെ പോക്സോ കേസ്. തമിഴ്നാട്ടിലെ തിരുച്ചിരപ്പള്ളിയിലാണ് സംഭവം. ഷര്‍മിള എന്ന അധ്യാപികയ്ക്കെതിരെയാണ് പോക്സോ ചുമത്തി കേസെടുത്തത്. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെ പരാതിപ്രകാരം കേസെടുത്ത പൊലീസ് പിന്നീട് കുറ്റം പോക്സോ ആയി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
മാര്‍ച്ച് അഞ്ചിനാണ് വിദ്യാര്‍ത്ഥിയേയും അദ്ധ്യാപികയേയും സ്കൂളില്‍ നിന്ന് കാണാതാകുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരെയും പൊലീസ് പിടികൂടുന്നത്. പോലീസ് പറയുന്നതനുസരിച്ച് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് വിദ്യാര്‍ത്ഥിയെ അവസാനമായി കണ്ടത് സ്കൂളില്‍ വച്ചാണെന്നും അന്നേദിവസം തന്നെ സ്കൂളിലെ അദ്ധ്യാപികയായ ഷര്‍മിളയേയും കാണാതായെന്ന് കണ്ടെത്തുകയായിരുന്നു.
എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയും അദ്ധ്യാപികയും അടുപ്പത്തിലായിരുന്നെന്നും ഇരുവരുടെയും ഫോണുകള്‍ ഒരേസമയം സ്കൂളില്‍ വച്ച് സ്വിച്ച് ഓഫ് ആകുകയുമായിരുന്നെന്ന് കണ്ടെത്തി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇതിലൊരു ഫോണ്‍ മറ്റൊരു നമ്പറില്‍ തിരുച്ചിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും തിരുച്ചിയില്‍ നിന്ന് പിടികൂടുകയായിരുന്നു. അന്വേഷണത്തില്‍ തഞ്ചാവൂരിലെ ഒരു ക്ഷേത്രത്തില്‍ വച്ച് ഇരുവരും തമ്മില്‍ വിവാഹിതരായെന്നും തിരുച്ചിയില്‍ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നെന്നും തെളിഞ്ഞു. വിദ്യാര്‍ത്ഥിക്ക് 18 വയസ് തികയാത്തതിനാല്‍ അദ്ധ്യാപികയ്ക്ക് എതിരെ പോക്സോ ചുമത്തി കേസെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.