ലഖ്നൗ: ഉത്തർ പ്രദേശിൽ മിഠായി കഴിച്ചതിനു പിന്നാലെ മൂന്നുസഹോദരങ്ങൾ ഉൾപ്പെടെ നാലു കുഞ്ഞുങ്ങൾ മരിച്ചു. മിഠായിയിൽ വിഷാംശമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുശിനഗർ ജില്ലയിലെ ദിലീപ്നഗർ ഗ്രാമത്തിൽ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. മരിച്ച കുഞ്ഞുങ്ങളിൽ മൂന്നുപേർ-മഞ്ജന(5), സ്വീറ്റി(3), സമർ(2) എന്നിവർ സഹോദരങ്ങളാണ്.
കൂടാതെ, സമീപവാസിയായ അഞ്ചുവയസ്സുകാരൻ അരുണുമാണ് മരിച്ചത്. മഞ്ജനയുടെയും സ്വീറ്റിയുടെയും സമറിന്റെയും മുത്തശ്ശിയായ മുഖിയ ദേവിക്ക്, രാവിലെ വീട് അടിച്ചുവാരുന്നതിനിടെ ഒരു പ്ലാസ്റ്റിക് ബാഗ് ലഭിക്കുകയായിരുന്നു. അഞ്ചു മിഠായികളും കുറച്ച് നാണയങ്ങളുമായിരുന്നു ബാഗിലുണ്ടായിരുന്നത്. മുഖിയ, മിഠായികൾ തന്റെ കൊച്ചുമക്കൾക്കും സമീപത്തെ കുഞ്ഞിനും നൽകുകയായിരുന്നെന്ന് ഗ്രാമവാസികൾ പറയുന്നു.
Uttar Pradesh | We got info that 4 children died after the consumption of toffees which were placed outside their house by someone. Prima facie it's appearing that the toffees were poisonous. Food safety & Forensic team are investigating the matter: Sachindra Patel, SP Kushinagar pic.twitter.com/FI8vz8vWDB
— ANI UP/Uttarakhand (@ANINewsUP) March 23, 2022
മിഠായി കഴിച്ചതിനു പിന്നാലെയാണ് കുട്ടികൾ ബോധരഹിതരായത്. ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിച്ചു. കുട്ടികൾ കഴിക്കാത്ത, ബാക്കിവന്ന ഒരു മിഠായി ഫോറൻസിക് പരിശോധനയ്ക്കായി സൂക്ഷിച്ചിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിക്കുന്നു.
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അനുശോചനം അറിയിക്കുകയും വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.