ന്യൂഡൽഹി: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ന്യൂനമർദ്ദം ശനിയാഴ്ച(മാർച്ച് 19)യോടെ തെക്കൻ ആൻഡമാൻ കടലിൽ വച്ചു ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർന്ന് വടക്കു ദിശയിൽ സഞ്ചരിച്ച് മാർച്ച് 20 ഓടെ തീവ്രന്യൂന മർദ്ദമായും( Depression ) അടുത്ത ദിവസം(മാർച്ച് 21) ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
തുടർന്ന് വടക്ക്- വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാർച്ച് 22-ഓടെ ബംഗ്ലാദേശ് – മ്യാൻമർ തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയെന്നും റിപ്പോർട്ടുണ്ട്. ചുഴലിക്കാറ്റായി മാറിയാൽ, ശ്രീലങ്ക നിർദ്ദേശിച്ച അസാനി ( Asani ) എന്ന പേരിലാണ് അറിയപ്പെടുക. ഇത് ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് കൂടിയാണ്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട വേനൽമഴ തുടരാനും സാധ്യതയുണ്ട്.