ന്യൂഡല്‍ഹി: കഴിഞ്ഞ ശതാബ്ദത്തില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണ് കേരളത്തിലുണ്ടായതെന്നു നാസ. കഴിഞ്ഞ ആഴ്ചയില്‍ ഇന്ത്യയില്‍ പെയ്ത മഴയുടെ കണക്കുകള്‍ അപഗ്രഥിച്ചാണ് നാസയുടെ നിഗമനം. ഇതു സംബന്ധിച്ച ഉപഗ്രഹ വീഡിയോ ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു. ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 18 വരെ പെയ്ത മഴയുടെ രേഖപ്പെടുത്തലാണ് വീഡിയോയില്‍ ഉള്ളത്.
കേരളത്തിലെയും കര്‍ണാടകത്തിലെയും പ്രളയദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതാണ് ഉപഗ്രഹങ്ങള്‍ പകര്‍ത്തിയ വീഡിയോ. നാസയുടെ തന്നെ ഗ്ലോബല്‍ പ്രസിപ്പിറ്റെഷന്‍ മെഷര്‍മെന്റ് മിഷന് കോര്‍ സാറ്റലൈറ്റ് ആയ ജിപിഎം പകര്‍ത്തിയ സാറ്റലൈറ്റ് ചിത്രങ്ങളാണു പുറത്തുവിട്ടത്. നാസയും ജപ്പാന് ഏറോസ്പേസ് ഏജന്‍സിയായ ജാക്സായും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ജിപിഎം.
ജൂലൈ 20-ന് പെയ്തു തുടങ്ങിയ മഴ ഓഗസ്റ്റ് 8-16 തീയതികള്‍ക്കിടയില്‍ അതിതീവ്രമായി. ജൂണ്‍ മാസം തുടക്കം മുതല്‍ തന്നെ സാധാരണയില്‍നിന്നു 42 ശതമാനം കൂടുതല്‍ മഴ പെയ്തതായും ഓഗസ്റ്റ് മാസം ആദ്യ 20 ദിവസങ്ങളില്‍ സാധാരണയില്‍നിന്നു 164 ശതമാനം വര്‍ധിച്ച മഴ പെയ്തതതായും നാസയുടെ എര്‍ത്ത് ഒബ്സര്‍വേറ്ററി രേഖപ്പെടുത്തുന്നു.
നാനൂറിനടുത്ത് ആളുകള്‍ മരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത പ്രളയത്തെ കേന്ദ്ര സര്‍ക്കാര്‍ പക്ഷേ ‘ഗുരുതര ദുരന്തം’ എന്ന ഗണത്തില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്.