ലക്നോ: ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കേസ് അന്വേഷിക്കുന്ന സിബിഐയുടെ പ്രധാനസാക്ഷിയായ യൂനുസാണ് മരിച്ചത്. പലചരക്കു വ്യാപാരിയായ യൂനുസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം കൂടാതെ സംസ്കരിക്കുകയും ചെയ്തു.
കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ സഹോദരന് അതുല്‍ സിംഗ് സെംഗാര്‍, ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദിക്കുന്നതിന്റെ സാക്ഷിയായിരുന്നു യൂനുസ് എന്നാണു റിപ്പോര്‍ട്ട്. ഇരയുടെ അച്ഛന് പിന്നീട് പോലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു.
ശനിയാഴ്ച രോഗബാധിതനായ യൂനുസ് ആശുപത്രിയില്‍ എത്തുന്നതിനുമുമ്പ്, ഒരു മണിക്കൂറിനുള്ളില്‍ മരിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. സിബിഐയെയും പ്രാദേശിക പോലീസിനെയും അറിയിക്കാതെ ബന്ധുക്കള്‍ മൃതദേഹം മറവ് ചെയ്തെന്നും ഇവര്‍ കുറ്റപ്പെടുത്തി. അതേസമയം, യൂനുസിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണു പോലീസിന്റെ വാദം.