ചെന്നൈ: തമിഴ്നാട്ടിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം (എംഎൻഎം) പാർട്ടി ഏറ്റുവാങ്ങിയ വമ്പൻ തോൽവിയോട് പ്രതികരിച്ച് പാർട്ടി അധ്യക്ഷനും നടനുമായ കമൽഹാസൻ. സത്യസന്ധരായ ആളുകളെ പരാജയപ്പെടുത്തുന്നതിൽ വോട്ടർമാർക്ക് അഭിമാനിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം നിരവധി സീറ്റുകളിൽ മത്സരിച്ചെങ്കിലും കമൽഹാസന്റെ എംഎൻഎം ഒരൊറ്റ സീറ്റിൽ പോലും വിജയിച്ചിരുന്നില്ല. ‘ജനവിധി അംഗീകരിക്കുന്നുവെന്ന് പറയുന്നത് ഒരു ഔപചാരികതയാണ്, അത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ആളുകൾ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നു. ചരിത്രത്തിൽ ഉദാഹരണങ്ങളുണ്ട്. ഞങ്ങളെപ്പോലുള്ള സത്യസന്ധരായ ആളുകളെ പരാജയപ്പെടുത്തുന്നതിൽ വോട്ടർമാർക്ക് അഭിമാനിക്കാൻ കഴിയില്ല. എന്നാൽ ഞങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ ജോലി തുടരും.’- കമൽഹാസൻ പ്രസ്താവനയിൽ പറഞ്ഞു.