ബംഗളൂരു: പ്രളയത്തില്‍ വീടും മറ്റും നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാംപില്‍ കഴിയുന്നവര്‍ക്ക് നേരെ ബിസ്കറ്റ് വലിച്ചെറിഞ്ഞ് കര്‍ണാടക മന്ത്രി. പൊതുമരാമത്ത് മന്ത്രി എച്ച്ഡി രേവണ്ണയാണു ഹസന് ജില്ലയിലെ അഭയാര്‍ഥി ക്യാംപിലുള്ളവര്‍ക്കു നേരെ ബിസ്കറ്റ് പായ്ക്കറ്റുകള്‍ വലിച്ചെറിഞ്ഞത്. മന്ത്രി ബിസ്ക്കറ്റ് പായ്ക്കറ്റുകള്‍ വലിച്ചെറിയുന്നതിന്റെ വിഡിയോ വൈറലായതോടെ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
എന്നാല്‍ മന്ത്രിയെ പിന്തുണച്ചു സഹോദരനും മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി രംഗത്തെത്തി. അഭയാര്‍ഥി ക്യാംപിലെ സ്ഥലപരിമിതി മൂലമാണു മന്ത്രി അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനായതെന്നാണു മുഖ്യമന്ത്രിയുടെ വിശദീകരണം.
ഉദ്യോഗസ്ഥര്‍ നല്കിയ ബിസ്കറ്റ് പായ്ക്കറ്റുകള്‍ മുന്നിലിരിക്കുന്ന കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘത്തിനു നേരെ രേവണ്ണ വലിച്ചെറിയുകയായിരുന്നു. സംസ്കാരശൂന്യമായ പ്രവൃത്തിയാണു മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ അഹംഭാവത്തെയാണ് ഇതു സൂചിപ്പിക്കുന്നതെന്നും മുതിര്‍ന്ന ബിജെപി നേതാവ് എസ്. സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി. സമൂഹമാധ്യമങ്ങളിലും രൂക്ഷമായ വിമര്‍ശനമാണു മന്ത്രിക്കു നേരെ ഉയരുന്നത്.