മഹാത്മാ ഗാന്ധിക്കെതിരായ മോശം പരാമര്‍ശത്തില്‍ ആള് ദൈവം അറസ്റ്റില്‍. ആള്‍ദൈവം സാധു കാളീചരണ്‍ മഹാരാജിനെയാണ് ഛത്തീസ് ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. റായ്പൂരില്‍ നടന്ന ധരം സന്‍സദില്‍ ആയിരുന്നു ആള് ദൈവം സാധു കാളീചരണ്‍ മഹാരാജിന്റെ വിവാദ പ്രസംഗം.
മധ്യപ്രദേശിലെ ഖജുരാവോയില്‍ നിന്നാണ് ആള്‍ദൈവം സാധു കാളീചരണ്‍ മഹാരാജിനെ അറസ്റ്റ് ചെയ്തത്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു… അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്സെക്ക് അഭിവാദ്യങ്ങള്‍ എന്നുമായിരുന്നു ഇയാളുടെ വിവാദ പരാമര്‍ശം.
പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാനോ മാപ്പുപറയാനോ തയ്യാറല്ലെന്ന് ഇയാള്‍ പ്രതികരിച്ചിരുന്നു. ഗാന്ധിജിയെ വെറുക്കുന്നത് തുടരുമെന്നുമാണ് വിവാദ പ്രസ്താവനയില്‍ കേസ് എടുത്തതിന് പിന്നാലെ സാധു കാളീചരണ്‍ മഹാരാജ് വിശദമാക്കിയത്.
also read: ‘സംഗീതം പൊഴിക്കുന്ന കോണിപ്പടികള്‍’; മ്യൂസിക്കല്‍ സ്റ്റെയര്‍ അവതരിപ്പിച്ച് കൊച്ചി മെട്രോ
ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ നടത്തിയത്. പരാമര്‍ശങ്ങളില്‍ ഖേദിക്കുന്നില്ലെങ്കില്‍ ധൈര്യമുള്ളയാളായി സാധു കാളീചരണ്‍ മഹാരാജ് പൊലീസിന് കീഴടങ്ങണമെന്ന് ഭൂപേഷ് ഭാഗല്‍ ആവശ്യപ്പെട്ടിരുന്നു. ധരം സന്‍സദിലെ പ്രസ്താവന വിവാദമായതിന് പിന്നാലെ തന്റെ പുതിയ പ്രഭാഷണത്തില്‍ ഗാന്ധി രാജ്യത്തെ ചതിച്ചുവെന്നും, ഹിന്ദു വിഭാഗത്തിലുള്ളവര്‍ക്കായി എന്ത് ചെയ്തുവെന്നും ഇയാള്‍ ചോദിക്കുന്നുണ്ട്.
ഗാന്ധിയെ രാഷ്ട്ര പിതാവ് എന്ന് ഞാന്‍ വിളിക്കില്ല. ഗാന്ധിയുടേയും നെഹ്റുവിന്റേയും രാഷ്ട്രീയം ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യ അമേരിക്കയേക്കാള്‍ വലിയ സുപ്പര്‍ പവര്‍ ആകുമായിരുന്നുവെന്നും ഇയാള്‍ അഭിപ്രായപ്പെട്ടിരുന്നു. സ്വാതന്ത്ര്യ സമര നേതാക്കളായ ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസ്ദ്, സുഭാഷ് ചന്ദ്ര ബോസിനേപ്പോലുളളവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്തിട്ടില്ലേയെന്നും ഇവരുടെ തൂക്കുമരം ഗാന്ധിജിക്ക് ഒഴിവാക്കാമായിരുന്നുവെന്നുമാണ് സാധു കാളീചരണ്‍ മഹാരാജ് അഭിപ്രായപ്പെടുന്നത്.