ഭുവനേശ്വര്‍: അയല്‍വാസിയുടെ വിവാഹ ആഘോഷങ്ങള്‍ക്കിടെ ഉച്ചത്തില്‍ ഡി.ജെ മ്യൂസിക് പാര്‍ട്ടി നടത്തിയതു മൂലം തന്റെ ഫാമിലെ 63 കോഴികള്‍ ഹൃദയാഘാതം മൂലം ചത്തുവെന്ന പരാതിയുമായി കര്ഷകന്. ഒഡീഷയിലെ കണ്ഡഗരടി ഗ്രാമത്തിലെ പൗള്‍ട്രി ഫാം ഉടമയായ രഞ്ജിത്ത് പരീദയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. അയല്‍വാസിയായ രാമചന്ദ്ര പരീദയുടെ വീട്ടിലെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായ ഡിജെ പാര്‍ട്ടി രാത്രി 11.30ക്കാണ് രഞ്ജിത്തിന്റെ വീടിന് മുന്നിലൂടെ കടന്നുപോയത്. മ്യൂസിക് സംഘം ഫാമിന് സമീപത്തെത്തിയപ്പോള്‍ തന്നെ കോഴികള്‍ വിചിത്രമായ രീതിയില്‍ പെരുമാറാന്‍ തുടങ്ങിയെന്ന് രഞ്ജിത്ത് പറയുന്നു. ചില കോഴികള്‍ ചാടുകയും ഓടുകയും ചെയ്തു. ഇതോടെ ഡിജെയുടെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയല്‍വാസി തയ്യാറായില്ലെന്നും ഇയാള്‍ ആരോപിച്ചു.
ചൊവിപൊട്ടിക്കുന്ന തരത്തിലാണ് പാര്‍ട്ടി തുടര്‍ന്നതെന്നും ഇദ്ദേഹം പറയുന്നു. ഉച്ചത്തിലുള്ള ശബ്ദം കേട്ട് തറയില്‍ വീണ കോഴികളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് അടുത്തുള്ള മൃഗഡോക്ടറെ സ്ഥലത്തെത്തിച്ച ശേഷമാണ് 63 കോഴികളും ചത്തുവെന്ന് സ്ഥിരീകരിച്ചത്. ഉച്ചത്തിലുള്ള ശബ്ദം കോഴികളില്‍ ഞെട്ടലുണ്ടാക്കിയെന്നും ഇതുമൂലം ഹൃദയാഘാതം വന്നതായിരിക്കാമെന്നാണ് ഡോക്ടര്‍ പറഞ്ഞതായും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം രഞ്ത്തിന്റെ ആക്ഷേപങ്ങള്‍ അയല്‍വാസി തള്ളി. ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡിജെ മ്യൂസിക്കിന്റെ ശബ്ദം കുറച്ചിരുന്നുവെന്ന് രാമചന്ദ്ര പറഞ്ഞു. ശബ്ദം കേട്ട് കോഴികള്‍ ചത്തുവെന്ന് പറയുന്നത് ശരിയല്ല, റോഡ് മാര്‍ഗം വഹനങ്ങളുടെ ഹോണ്‍ ഉള്‍പ്പെടെയുള്ള ശബ്ദങ്ങള്‍ക്കിടയിലൂടെയാണ് ദിനംപ്രതി ലക്ഷക്കണക്കിന് കോഴികളെ എല്ലായിടത്തേക്കും എത്തിക്കുന്നത്. അതിനാല്‍തന്നെ ഡിജെ മ്യൂസിക് കാരണം ഫാമിലെ കോഴികള്‍ ചത്തുവെന്ന് എങ്ങനെ പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു.