സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് നടി കങ്കണ റണാവത്ത് നടത്തുന്ന പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് നിഖത് അബ്ബാസ്. പരാമര്‍ശങ്ങള്‍ അതിരുകടക്കുന്ന വേളയിലാണ് നിഖത് അബ്ബാസ് രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. 1947 ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ലെന്നും ഭിക്ഷയായിരുന്നുവെന്നും കങ്കണ ഒരു പൊതുചടങ്ങളില്‍ പറഞ്ഞതാണ് വിവാദങ്ങളുടെ തുടക്കം. ഇതിനെതിരേ കക്ഷി രാഷ്ട്രീയഭേദമന്യേ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
നിഖത് അബ്ബാസിന്റെ വാക്കുകള്‍;
പ്രധാനമന്ത്രി നരേന്ദ്രമോഡി പോലും ഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജീവിക്കുന്ന വ്യക്തിയാണ്. ഗാന്ധിയെക്കുറിച്ച് കങ്കണ നടത്തുന്ന പരാമര്‍ശങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നവയാണ്. ഗാന്ധിയ്ക്ക് രാഷ്ട്ര പിതാവെന്ന വിശേഷണം നല്‍കിയത് ഈ രാജ്യത്തെ ജനതയാണ്. ബിജെപിയെ സജീവമായി നിലനിര്‍ത്തുന്നത് പോലും ഗാന്ധിയുടെ ആശയങ്ങളാണ്. അദ്ദേഹത്തെക്കുറിച്ച് പരിഹാസ്യമായ പരാമര്‍ശങ്ങള്‍ നടത്തി കങ്കണ എന്താകാനാണ് ശ്രമിക്കുന്നത്. കങ്കണ സ്വതന്ത്ര്യ സമരത്തെയും രാജ്യത്തെ ജനങ്ങളുടെ വികാരത്തെയും വേദനിപ്പിക്കുന്നു.