ബംഗളൂരു: മദ്യത്തിന് അടിമയായിരുന്ന 21 കാരനായ ഹനുമാന് കുരങ്ങ് മരണമടഞ്ഞു. കര്‍ണാടകയിലെ പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കില്‍ (പിബിപി) വെച്ച് ഞായറാഴ്ചയാണ് രാജുവെന്ന ഹനുമാന് കുരങ്ങ് മരിച്ചത്. വൃക്ക-കരള്‍ രോഗങ്ങള്‍ വഷളായതിനെത്തുടര്‍ന്നാണ് മരണം.
രാജുവാണ് മംഗലാപുരത്തെ ഈ പാര്‍ക്കില്‍ കൊണ്ടുവന്ന ആദ്യത്തെ ഹനുമാന് കുരങ്ങ്. പടുബിദ്രി പട്ടണത്തിലെ ഒരു ബാറിന് സമീപത്ത് നിന്നും 2005-ലാണ് ആരോഗ്യനില വഷളായ നിലയില്‍ രാജുവിനെ കണ്ടെത്തിയതെന്ന് പിബിപി ഡയറക്ടര്‍ എച്ച്ജെ ഭണ്ഡാരി പറഞ്ഞു.
”മുമ്പ് രാജുവിന്റെ വിഹാരകേന്ദ്രം ഒരു ബാറിന് സമീപമായിരുന്നു. അതിനാല്‍ അവിടെയെത്തുന്ന ഉപഭോക്താക്കള്‍ പലപ്പോഴും കുരങ്ങന് മദ്യം നല്‍കുകയും അവന് അതിന് അടിമപ്പെടുകയും ചെയ്തു. കുരങ്ങിന് സുഖമില്ലെന്ന് ബാര്‍ ഉടമ ഞങ്ങളെ അറിയിക്കുകയായിരുന്നു’, അദ്ദേഹം പറഞ്ഞു.
പാര്‍ക്കിലെത്തിച്ചു ചികിത്സ തുടങ്ങിയെങ്കിലും എന്നാല്‍ രാജു വിത്ഡ്രോവല്‍ സിന്‍ഡ്രോം പ്രകടിപ്പിക്കുന്നതായും തുടര്‍ച്ചയായി ഭക്ഷണം നിരസിക്കുന്നതായും പാര്‍ക്കിലെ ചികിത്സ സംഘം തിരിച്ചറിഞ്ഞു. ഒരു മാസത്തേക്ക് അവര്‍ രാജുവിന് ചെറിയ അളവില്‍ മദ്യം നല്കി. ഒടുവില്‍ അവന് സുഖം പ്രാപിച്ചു.
ഇതിന് ശേഷം മദ്യപാന ശീലം രാജു പൂര്‍ണ്ണമായും നിര്‍ത്തി. അവന് ക്രമേണ പലതരം പഴങ്ങളും പച്ചിലകളും കഴിക്കാന്‍ തുടങ്ങി, പിന്നീട് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി അവന് മാറി”, പാര്‍ക്കിന്റെ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. രാജുവിന്റെ മരണത്തിന് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാജുവിന്റെ വൃക്കയിലും കരളിലുമുള്ള പ്രശ്നങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.