എഴുപതാമത്തെ വയസ്സില്‍ അമ്മയായിരിക്കുകയാണ് ജുവന്‍ബെന്‍. മക്കളില്ലാതെ വിഷമിച്ചിരുന്ന ഗുജറാത്ത് സ്വദേശികളായ മാല്‍ധാരിയുടെയും ജുവന്‍ബെന്‍ റബാരിയുടെയും ജീവിതത്തിലേക്കാണ് ഒരു കുഞ്ഞതിഥിയെത്തിയിരിക്കുന്നത്. വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരെപ്പോലും അമ്പരപ്പിച്ചാണ് ഈ പ്രായത്തില്‍ ജുവന്‍ബെന്‍ കുഞ്ഞിന് ജന്മം നല്‍കിയതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
75-കാരനായ മാല്‍ധാരിയും ഭാര്യ ജുവന്ബെനും ഗുജറാത്തിലെ മോറ എന്ന ഗ്രാമത്തിലാണ് താമസിക്കുന്നത്. ഓമനിക്കാന്‍ ഒരു കുഞ്ഞുവേണമെന്നത് ഇരുവരുടെയും വലിയ ആഗ്രഹമായിരുന്നു. ഏറെ നാള് ചികിത്സ നടത്തിയെങ്കിലും അത് സാധിച്ചില്ല. ഐവിഎഫ് ചികില്‍സയിലൂടെയായിരുന്നു ഗര്‍ഭധാരണം.
ആദ്യം ഈ പ്രായത്തില്‍ പ്രസവം സാധ്യമല്ലെന്നാണ് ഡോക്ടര്‍മാര്‍ ഇവരോട് പറഞ്ഞത.് എന്നാല്‍ അവരുടെ നിര്‍ബന്ധത്തിന് ഡോക്ടര്‍മാര്‍ വഴങ്ങുകയായിരുന്നു. ഒടുവില്‍ പരീക്ഷണം വിജയകരമായി. ഈ മാസം ആദ്യമാണ് ഇവര്‍ ഒരു കുഞ്ഞിനെ പ്രസവിച്ചത്.
ഐവിഎഫിലൂടെ ആരോഗ്യകരമായ ഗര്‍ഭപാത്രമുള്ള ഏതൊരു സ്ത്രീയ്ക്കും ഗര്‍ഭിണിയാകാന്‍ സാധിക്കും. എന്നാല്‍ ഇത്രയും പ്രായമായതിനാല്‍ ഇവരുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് സംശയം ഉണ്ടായിരുന്നു. എങ്കിലും പരീക്ഷണത്തിന് തയ്യാറായി. ഇവര്‍ ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം എന്നാണ് അവരെ ചികില്‍സിച്ച ഡോക്ടര്‍ നരേഷ് ബാനുശാലി പറയുന്നത്.