ഒരു മരത്തിന് 24 മണിക്കൂറും കാവല്‍. കേള്‍ക്കുമ്പോള്‍ അതെന്ത് മരമെന്നും സംഭവം സത്യമാണോ എന്നൊക്കെ തോന്നുമല്ലേ?, എന്നാല്‍ മധ്യപ്രദേശിലെ റെയ്സണ്‍ ജില്ലയിലെത്തിയാല്‍ ആ മരം കാണാം. ശ്രീ ബുദ്ധന് ജ്ഞാനോദയം ലഭിച്ച ബോധിവൃക്ഷമാണത്.
ഈ മരത്തിന് 24 മണിക്കൂറും കാവല്ക്കാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മരം ഏറ്റവും നന്നായാണ് നില്‍ക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ മാത്രം പ്രതിവര്‍ഷം ചെലവഴിക്കുന്നത് 15 ലക്ഷം രൂപയാണ്. സലാമത്പൂരിലെ ബുദ്ധിസ്റ്റ് സര്‍വകലാശാലയിലെ ഒരു കുന്നിനു മുകളിലായാണ് ഈ ബോധിവൃക്ഷം വളരുന്നത്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യഥാര്‍ഥ ബോധിവൃക്ഷത്തിന്റെ ഒരു ശിഖരം ശ്രീലങ്കയിലെ അനുരാധപുരയില്‍ എത്തിച്ച് അവിടെ നട്ടു വളര്‍ത്തിയിരുന്നു. 2012ല്‍ ഇന്ത്യ സന്ദര്‍ശിച്ച അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സ അനുരാധപുരയിലെ ബോധിവൃക്ഷത്തില്‍ നിന്നു എടുത്തുകൊണ്ടുവന്ന ശിഖരമാണ് ഇന്ന് 20 അടി ഉയരത്തില്‍ ബോധിവൃക്ഷമായി തലയെടുപ്പോടെ ഇവിടെ നില്‍ക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.
കൃത്യമായ ഇടവേളകളില്‍ സസ്യശാസ്ത്ര വിദഗ്ധരെത്തി പരിശോധിക്കും. ബോധി വൃക്ഷം നനയ്ക്കുന്നതിന് മാത്രമായി പ്രത്യേക സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. മൃഗങ്ങളില്‍ നിന്നും മനുഷ്യരില്‍ നിന്നും ബോധിവൃക്ഷത്തിന് കേടുപാടുകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനായി ചുറ്റും വേലിയും സ്ഥാപിച്ചിട്ടുണ്ട്.