അച്ഛനെ പൈലറ്റിന്റെ വേഷത്തില്‍ അപ്രതീക്ഷിതമായി വിമാനത്തില്‍ വെച്ച് കണ്ടപ്പോഴുള്ള മകളുടെ അമ്പരപ്പും സന്തോഷവും നിറഞ്ഞ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. വിഡിയോയ്ക്ക് ഇതിനോടകം 1.2 മില്യണ്‍ കാഴ്ചക്കാരെയാണ് ലഭിച്ചത്.
ഷനായ മോട്ടിഹാര് എന്ന കൊച്ചുകുട്ടിയാണ് ‘പൈലറ്റ് അച്ഛനെ’ കണ്ടതിന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. കോക്ക്പിറ്റിന്റെ വാതില്ക്കല് നില്ക്കുന്ന പൈലറ്റിനെ ‘പപ്പാ’ എന്ന് സന്തോഷത്തോടെ വിളിക്കുകയാണ് കുഞ്ഞ് ഷനായ. അച്ഛന് തിരിച്ച് കൈവീശിക്കാണിച്ച് മകളോട് ചിരിക്കുന്നുമുണ്ട്.
പുറപ്പെടാനിരിക്കുന്ന വിമാനത്തിലേക്ക് യാത്രക്കാര്‍ കയറുന്നതും വിഡിയോയില്‍ കാണാം. ഷനായക്ക് സ്വന്തമായി ഇന്‍സ്റ്റഗ്രാം പേജൊക്കെയുണ്ട്. അതിലൂടെ അമ്മയാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘പപ്പയോടൊപ്പം എന്റെ ആദ്യ വിമാനയാത്ര, എന്നെ പപ്പ ഡല്‍ഹിയിലേക്ക് പറത്തി, പപ്പയെ കണ്ടതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഇതുവരെയുള്ള എന്റെ ഏറ്റവും നല്ല ഫ്ലൈറ്റ് യാത്രയാണിത്… ലവ് യു പപ്പ’ എന്നാണ് ഷനായയുടെ വിഡിയോക്ക് കുറിച്ചിരിക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിക്കുന്നത്. വിഡിയോ എത്ര കണ്ടിട്ടും മതിയാകുന്നില്ലെന്നാണ് പലരും പറയുന്നത്. ഇത് അമൂല്യ കാഴ്ചയെന്നും ചിലര്‍ കുറിക്കുന്നു.