ദിസ്പൂര്‍: ഓരോ ഇന്ത്യന്‍ പൗരനെയും കോരിത്തരിപ്പിച്ച ചിത്രമായിരുന്നു കഴിഞ്ഞ സ്വതന്ത്ര്യദിനത്തില്‍ അസ്സമില്‍ നിന്ന് വന്നത്. നെഞ്ചൊപ്പം വെള്ളത്തില്‍ നിന്നു കൊണ്ട് ദേശീയ പതാകക്ക് ആദരമര്‍പ്പിക്കുന്ന രണ്ട് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഫോട്ടോയായിരുന്നു അത്. ധുബ്രി ജില്ലയിലെ ഒരു എല്‍പി സ്കൂളില്‍നിന്നും പകര്‍ത്തിയ ചിത്രത്തില്‍ കുട്ടികളുടെ രണ്ട് അധ്യാപകരെയും കാണാം.
എന്നാല്‍ ഇന്ന് ആ ഫോട്ടോക്ക് വില നല്‍കാത്ത വാര്‍ത്തകളാണ് അസ്സമില്നിന്നു വരുന്നത്. ഫോട്ടോയില്‍ ഇടതുഭാഗത്ത് നില്ക്കുന്ന ഹയ്ദോര്‍ ഖാന് എന്ന ഒമ്പത് വയസുകാരന് ഇന്ത്യന്‍ പൗരനല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ദേശിയ പൗരത്വ റജിസ്റ്റര്‍ പട്ടികയില്‍ ഹയ്ദോര്‍ ഇടം പിടിച്ചിട്ടില്ല. എന്നാല്‍ ഫോട്ടോയിലുള്ള ഹയ്ദോറിന്റെ ബന്ധുവായ 10 വയസുകാരന് ജിയറുള്‍ ഖാനും രണ്ട് അധ്യാപകരും റജിസ്റ്ററില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്.
ഹയ്ദോറിന്റെ വീട്ടില്‍ ബാക്കിയുള്ളവരെയൊക്കെ ദേശീയ പൗരത്വ റജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹയ്ദോര്‍ മാത്രം ഇന്ത്യന്‍ പൗരനല്ലത്രേ. ഹയ്ദോറിന്റെ പിതാവ് റുപ്പ്നെല്‍ ഖാന് 2011 ല്‍ ഉണ്ടായ ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെടുകയായിരുന്നു. തനിക്ക് ദേശീയ പൗരത്വ റജിസ്റ്റര്‍ പട്ടികയെ കുറിച്ചൊന്നും അറിയില്ലെന്നും, ഞങ്ങളുടെ കൂട്ടത്തിലെ മുതിര്‍ന്നവര്‍ പറയുന്നതാണ് ഞങ്ങള്‍ ചെയ്യുന്നതെന്നും ഹയ്ദോര്‍ പറയുന്നു.
ദേശിയ പൗരത്വ റജിസ്റ്റര്‍ പട്ടികയില്‍ നിന്നും നാല്പത് ലക്ഷത്തോളം പേര് ഒഴിവാക്കപ്പെട്ടത് വിവാദമായിരുന്നു. 1971 മാര്‍ച്ച് 24 ന് മുമ്പ് വോട്ടര്‍പട്ടികയില്‍ പേരുള്ളവരുടെ പിന്തലമുറയെ ദേശിയ പൗരത്വ റജിസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനാണ് ദേശിയ പൗരത്വ റജിസ്റ്റര്‍ പട്ടിക തയ്യാറാക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ അസ്സം മുഴുവന്‍ വെള്ളത്തിനടിയില്‍ ആയിരുന്നു. ചുരുക്കം അധ്യാപകര്‍ ഒത്തുകൂടി ദേശീയ പതാകയുയര്‍ത്താന്‍ തീരുമാനിച്ചു. ഈ സമയം ഒന്നും നോക്കാതെ വെള്ളത്തില്‍ എടുത്തുചാടിയ ഇരു കുട്ടികളും കൊടിമരത്തിന്റെ അടുത്തെത്തി ദേശീയ പതാകയെ സല്യൂട്ട് ചെയ്യുകയായിരുന്നു. മറ്റൊരു അധ്യാപകനാണ് ചിത്രം പകര്‍ത്തിയത്.