21 കോടി മോഹവില പറഞ്ഞ സുന്ദരനായ ഭീമന് പോത്ത് സുല്‍ത്താന്‍ വിടവാങ്ങി. സുല്‍ത്താന്‍ എന്ന മുറഇനത്തില് പെട്ട തന്റെ ഭീമന് വിത്തു’പോത്തി’നെക്കൊണ്ട് ഹരിയാനയിലെ കൈത്താല്‍ സ്വദേശിയായ നരേഷ് ബെനിവാള്‍ വര്‍ഷാവര്‍ഷം സമ്പാദിച്ചിരുന്നത് ലക്ഷക്കണക്കിന് രൂപയാണ്.
സുല്‍ത്താന്റെ മരണം നരേഷ് എന്ന കര്ഷനെ കണ്ണീരിലാഴ്ത്തുകയാണ്. കഴിഞ്ഞ ദിവസം നിന്ന നില്പിനു കുഴഞ്ഞു വീണാണ് സുല്‍ത്താന്‍ മരിച്ചത്. മരണ കാരണം ഹൃദയാഘാതമായിരുന്നു എന്ന് പിന്നീട് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സാധാരണ പോത്തുകളുടെ കൂട്ടത്തില്‍ സുല്‍ത്താനെ കൂട്ടാന്‍ കഴിയില്ലായിരുന്നു.
കാരണം അവന്റെ വലിപ്പവും തൂക്കവും കൊണ്ടുതന്നെ. 1200 കിലോ ഭാരം. അഞ്ചടി പതിനൊന്ന് ഇഞ്ച് ഉയരം. പതിനാലടിയോളം നീളം. കറുത്ത നിറം. തിളങ്ങുന്ന കണ്ണുകള്‍. ഏതൊരു പ്രദര്‍ശനത്തിലും ഒറ്റയടിക്ക് സന്ദര്‍ശകരെ മുഴുവന്‍ തനിക്ക് ചുറ്റും അണിനിരത്താന്‍ പോന്ന തലയെടുപ്പ്. ഇത്രയുമായിരുന്നു സുല്‍ത്താന്റെ പ്രത്യേകത.
അഞ്ചു പേരെയാണ് സുല്‍ത്താന്റെ കാര്യങ്ങള്‍ നോക്കാന്‍ വേണ്ടി ബെനിവാള്‍ ശമ്പളം നല്കി ‘ഫുള്‍ ടൈം’ ജോലിക്ക് നിര്‍ത്തിയിട്ടുള്ളത്. ഇതിനു പുറമെ വാക്സിനുകള്‍, മൃഗഡോക്ടറുടെ ഫീസ് തുടങ്ങി ചെലവുകള്‍ക്കുവേണ്ടി മാത്രം വര്‍ഷം തോറും ചുരുങ്ങിയത് രണ്ടു ലക്ഷമെങ്കിലും ബെനിവാളിനു ചെലവിടേണ്ടി വന്നിരുന്നു.
അതിനു പുറമെ ലിറ്റര്‍ കണക്കിന് പാല്. ദിവസേന 15 കിലോ ആപ്പിള്‍, 20 കിലോ കാരറ്റ്, 10 കിലോ ധാന്യം, 10 കിലോ പുല്ല് തുടങ്ങിയവയും അവന് അകത്താക്കുമായിരുന്നു. . ദിവസേന മൂന്നു തവണ വിശദമായ തേച്ചുകുളിയും സുല്‍ത്താന്‍ നല്‍കിയിരുന്നു. സുല്‍ത്താന്റെ പരിപാലനത്തിന്റെ മേല്‍നോട്ടം ഏറ്റെടുത്ത് നടത്തിയിരുന്നത് ലഖ്വീര് സിംഗ് ആയിരുന്നു.
പുഷ്കറില്‍ കാര്‍ഷിക മേള നടന്നപ്പോള്‍ വിത്തുകാള പ്രേമികള്‍ സുല്‍ത്താന്‍ ഒന്ന് വിലപറയാന്‍ ശ്രമിച്ചതാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഒരു കര്ഷകന് അന്ന് സുല്‍ത്താന്‍ 21 കോടി രൂപയെന്ന മോഹവില പറഞ്ഞു എങ്കിലും, തന്റെ കയ്യിലുള്ള പൊന്മുട്ടയിടുന്ന താറാവിനെ വേദിയാണ് ബെനിവാള്‍ തയ്യാറായില്ല. എത്ര പണം തരാമെന്നു പറഞ്ഞാലും സുല്‍ത്താനെ വിട്ടുതരില്ല എന്ന തീരുമാനത്തില്‍ അയാള്‍ അടിയുറച്ചു.