ന്യൂഡല്‍ഹി: ചൊവ്വാഴ്ച പാകിസ്താന്റെ സ്വാതന്ത്ര്യ ദിനത്തില്‍ (ഓഗസ്റ്റ് 14) സ്വാതന്ത്ര്യ ദിനാശംസകള്‍ അറിയിച്ച് നിങ്ങളുടെ സ്വാതന്ത്ര്യ ദിനം ഇന്നല്ലേ എന്ന് സംശയമുന്നയിച്ച ആള്‍ക്ക് ചുട്ട മറുപടിയാണ് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ നല്‍കിയത്.
അരമണിക്കൂറിനുള്ളില്‍ തന്നെ തന്റെ പൗരത്വം ചോദ്യചെയ്തയാള്ക്ക് സാനിയയുടെ മറുപടിയെത്തി. ‘അല്ല, എന്റെയും എന്റെ രാജ്യത്തിന്റെയും സ്വാതന്ത്ര്യ ദിനം നാളെയാണ,് (ഓഗസ്റ്റ് 15) എന്റെ ഭര്‍ത്താവിന്റെയും അദ്ദേഹത്തിന്റെ രാജ്യത്തിന്റെയും സ്വാതന്ത്ര്യ ദിനം ഇന്നും (ഓഗസ്റ്റ് 14). നിങ്ങളുടെ സംശയം മാറിയെന്നു കരുതുന്നു. അതിരിക്കട്ടെ എന്നാണ് നിങ്ങളുടെ സ്വാതന്ത്ര്യ ദിനം? നിങ്ങള്‍ക്ക് അതില്‍ ആശയക്കുഴപ്പമുള്ളതുപോലെ തോന്നുന്നുണ്ടല്ലോ’ ഇതായിരുന്നു സാനിയയുടെ മറുപടി.
പൗരത്വം സംബന്ധിച്ച് നിരന്തരം ചോദ്യങ്ങളും കളിയാക്കലുകളും 2010-ല്‍ പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ വിവാഹം കഴിച്ച ശേഷം സാനിയക്ക് നേരിടേണ്ടിവരാറുണ്ട്. വിവാഹ ശേഷം ഇന്ത്യയ്ക്കായി കളത്തിലിറങ്ങുന്ന സമയത്തും സാനിയയുടെ സത്യസന്ധതയ്ക്കെതിരേ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന സമയത്തും സാനിയക്ക് ഇത്തരം ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നു.