ബംഗളൂരു: രണ്ടുവയസ്സുള്ള കുഞ്ഞ് ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് ദമ്പതികള്‍ക്ക് 25,000 രൂപ പിഴ. കര്‍ണാടകയിലെ മിയാപൂര്‍ ഗ്രാമത്തിലുള്ള ഹനുമാന് ക്ഷേത്രത്തിലാണ് സംഭവം. കുഞ്ഞ് പ്രവേശിച്ചത് മൂലം ക്ഷേത്രം അശുദ്ധമായെന്ന് ആരോപിച്ചാണ് ദമ്പതികള്‍ക്ക് പിഴ ചുമത്തിയത്.
സെപ്റ്റംബര്‍ 4 നാണ് സംഭവം. മകന്റെ പിറന്നാളിനാണ് ചന്ദ്രശേഖറും ഭാര്യയും ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്. ചെന്നദാസര് വിഭാഗത്തിലുള്ളവരാണ് ചന്ദ്രശേഖറും ഭാര്യയും. ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാതെ പുറത്ത് നിന്നായിരുന്നു കുടുംബം പ്രാര്‍ത്ഥിച്ചിരുന്നത്.
ഇതിനിടയില്‍ കുട്ടി ക്ഷേത്രത്തിലേക്ക് ഓടിക്കയറി. ഇതോടെ പ്രകോപിതനായ പൂജാരി ഇതൊരു പ്രശ്നമാക്കുകയായിരുന്നുവെന്നാണ് പരാതി. ‘ഉന്നത ജാതി’യില്‍പെട്ട ചിലരും പൂജാരിക്കൊപ്പം ചേര്‍ന്നു. ഇതിനുശേഷം സെപ്റ്റംബര്‍ പതിനൊന്നിന് യോഗം വിളിക്കുകയും ക്ഷേത്രം ശുദ്ധീകരിക്കാനായി 25,000 ചന്ദ്രശേഖറും കുടുംബവും നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് വിഷയം പുറത്തറിയുന്നത്. ദളിത് കുടുംബം പരാതി നല്കാന് ആദ്യം പരാതി നല്കാന് മടിച്ചിരുന്നതായും പൊലീസ് പറയുന്നു. സംഭവം വിവാദമായതിന് പിന്നാലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി എസ്പി ടി ശ്രീധര അറിയിച്ചു.