ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി ബാധിച്ച് അഞ്ചുവയസുകാരി മരിച്ചു. ഫിറോസാബാദിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. കുഞ്ഞിനെ ശാരീരിക അശ്വസ്ഥതകളെ തുടര്‍ന്ന് രാവിലെ എട്ട് മണിക്ക് തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ഉച്ചയോടെ കുട്ടി മരണപ്പെടുകയായിരുന്നു.
രാവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെയാണ് ഡോക്ടറെ കാണാനുള്ള പ്രവേശനാനുമതി ലഭിച്ചത്. ആശുപത്രി ജീവനക്കാര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ലഖ്നൗവില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ അകലെയുള്ള ഫിറോസാബാദില്‍ ഡെങ്കിപ്പനി കേസുകള്‍ ഉയരുകയാണ്.
കഴിഞ്ഞ 48 മണിക്കൂറിനുളളില്‍ 16ലധികം മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയുടെ ഭാഗത്തും ഗുരുതര വീഴ്ച്ചയാണ് സംഭവിക്കുന്നത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച സമയത്ത് തന്നെ ചികിത്സ കിട്ടിയിരുന്നെങ്കില്‍ കുട്ടി മരണപ്പെടില്ലായിരുന്നെന്ന് കുട്ടിയുടെ സഹോദരന് പ്രതികരിച്ചു.
ശരീരോഷ്മാവ് കൂടിയിട്ടും വേണ്ടത്ര ശ്രദ്ധ നല്‍കാത്തതാണ് കുട്ടിയുടെ മരണത്തിന് വഴിവെച്ചത്. സംസ്ഥാനത്ത് ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കുന്നതില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന് പരാജയം സംഭവിച്ചുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി രംഗത്തെത്തി.