ന്യൂഡല്‍ഹി: രാജ്യത്ത് പ്രായപൂര്‍ത്തിയാവാത്ത 1,575 കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ട് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നത് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ബിഹാറിലെ മുസാഫര്‍പുര്‍ അഭയകേന്ദ്രത്തില്‍ മുപ്പതോളം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ 286 ആണ്‍കുട്ടികള്‍ ഉള്‍പ്പടെ 1,575 കുട്ടികള്‍ അഭയകേന്ദ്രങ്ങളില്‍ വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയായതായി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് മദന്‍ ബി. ലോക്കുര്‍ അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. പീഡന സംഭവങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളെ കഴിഞ്ഞവര്‍ഷം തന്നെ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് പറഞ്ഞു.
1,575 കുട്ടികള്‍ പീഡനത്തിന് ഇരയായി. നിങ്ങളെന്താണ് ചെയ്തത്. ഏതൊക്കെ അഭയകേന്ദ്രങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. സംസ്ഥാനങ്ങള്‍ എന്ത് നടപടിയാണ് എടുത്തത്- കോടതി ചോദിച്ചു. അഭയകേന്ദ്രങ്ങളെ കുറിച്ച് പഠിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ നിയോഗിച്ച ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കാനും കോടതി നിര്‍ദേശിച്ചു.