ഭോപ്പാല്‍: യൂണിഫോം ധരിക്കാത്ത പെണ്‍കുട്ടികളോടു വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ പോലീസ് കേസെടുത്തു. രാജ്ഗഡ് ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പല്‍ രാധേശ്യാം മാളവ്യയ്ക്കെതിരെയാണ് (50) കേസെടുത്തത്. മൂന്ന് പെണ്‍കുട്ടികള്‍ നല്കിയ പരാതിയിലാണ് നടപടി.
പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ സ്കൂളിലെ ആണ്‍കുട്ടികളെ ‘നശിപ്പിക്കുന്നു’ എന്നു പറഞ്ഞാണ് വസ്ത്രം മാറാന്‍ പ്രിന്‍സിപ്പള്‍ ആവശ്യപ്പെട്ടത്. യൂണിഫോം തയ്ച്ചുകിട്ടിയില്ലെന്നു പെണ്‍കുട്ടികള്‍ പറഞ്ഞെങ്കിലും മാളവ്യ കോപാകുലനാവുകയും അവര്‍ ധരിച്ചിരിക്കുന്നവ അഴിച്ചുമാറ്റാന്‍ പറയുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.
പോക്സോ ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി ശനിയാഴ്ച വൈകുന്നേരം മാളവ്യയ്ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. മാളവ്യയെ അറസ്റ്റു ചെയ്യാനായി അദ്ദേഹത്തിന്റെ വീട്ടില്‍ പോയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച പെണ്‍കുട്ടികളുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തും.