ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലേറിയ ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഭീകരര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിനെ പേടിയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഗുജറാത്തിലെ ബി.ജെ.പി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘എന്തു സംഭവിച്ചാലും നാം ഭീകരരെ വെറുതെവിടില്ല. മോഡിജിയുടെ വരവിനു ശേഷം രാജ്യത്തിന്റെ ഒരു ഭാഗത്തും വലിയ ഭീകരാക്രമണം നടന്നിട്ടില്ല. ഇത് നമ്മുടെ വലിയൊരു നേട്ടമാണ്,’ രാജ്നാഥ് സിംഗ് പറയുന്നു. ഭീകരര്‍ക്കെല്ലാം ബി.ജെ.പി. സര്‍ക്കാരിനെ ഭയമാണെന്നാണ് തോന്നുന്നതെന്നും അതൊരു ചെറിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം സുരക്ഷിത താവളങ്ങളില്‍പ്പോലും തങ്ങള്‍ സുരക്ഷിതരല്ലെന്ന് ഭീകരവാദികള്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കഴിഞ്ഞു. രാജ്യത്തിനകത്ത് മാത്രമല്ല, വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്നും ഭീകരവാദികളെ കൊല്ലുമെന്ന സന്ദേശം ഉറി ആക്രമണത്തിനു ശേഷം നാം ലോകത്തിന് നല്‍കിയെന്നും രാജ്നാഥ് സിംഗ് അവകാശപ്പെടുന്നു.