ജീവനെപ്പോലെ സ്നേഹിച്ച തന്റെ പ്രിയതമന് വിടവാങ്ങിയപ്പോള്‍ പദ്മാവതി തളര്‍ന്നുപോയിരുന്നു. എന്നാല്‍ ഭര്‍ത്താവിനോടുള്ള സ്നേഹം കാരണം അദ്ദേഹത്തിന്റെ രൂപത്തില്‍ ഒരു പ്രതിമ സ്ഥാപിച്ച്, അതിനെ ക്ഷേത്രമാക്കി പൂജ ചെയ്യുകയാണ് പദ്മാവതി. ആന്ധ്രാപ്രദേശിലാണ് സംഭവം.
നിമ്മവരം ഗ്രാമത്തിലെ പദ്മാവതിയാണ് ഭര്‍ത്താവിനോടുള്ള തന്റെ വേറിട്ട സ്നേഹം പ്രകടിപ്പിച്ചത്. മരിച്ചുപോയ ഭര്‍ത്താവ് അങ്കി റെഡ്ഢിക്കായിട്ടാണ് ഇവര്‍ ക്ഷേത്രം നിര്‍മിച്ചത്. ക്ഷേത്രത്തില്‍ ഭര്‍ത്താവിന്റെ പ്രതിമ സ്ഥാപിച്ച് ദിവസവും പൂജയും നടത്തുന്നുണ്ട്.
ഭാര്യയെ സംബന്ധിച്ച് ഭര്‍ത്താവ് എന്നാല്‍ ജീവിച്ചിരിക്കുന്ന ദൈവമാണെന്നാണ് പദ്മമാവതി പറയുന്നത്. മാര്‍ബിള്‍ കൊണ്ടാണ് ക്ഷേത്രവും പ്രതിമയും നിര്‍മിച്ചിരിക്കുന്നത്. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അപകടത്തിലായിരുന്നു അങ്കിറെഡ്ഡി മരിച്ചത്. അദ്ദേഹത്തിന്റെ മരണം പദ്മാവതിയെയും മക്കളെയും ദുഃഖത്തിലാഴ്ത്തിയിരുന്നു.
തുടര്‍ന്ന് ഭര്‍ത്താവിനായി ക്ഷേത്രം നിര്‍മിക്കാന്‍ പദ്മാവതി തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന്റെ നന്മയ്ക്കായി എല്ലാദിവസവും ക്ഷേത്രത്തില്‍ പൂജനടത്തി ഭര്‍ത്താവിനോട് പ്രാര്‍ഥിക്കുമെന്നും പദ്മാവതി പറഞ്ഞു. ഭര്‍ത്താവിന്റെ സുഹൃത്ത് തിരുപ്പതി റെഡ്ഡിയുടെയും അദ്ദേഹത്തിന്റെ മകന് ശിവശങ്കര്‍ റെഡ്ഡിയുടെയും സഹായത്തോടെയാണ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കിയത്.
എല്ലാ പൗര്‍ണമി ദിവസവും ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ പദ്മാവതി ഭര്‍ത്താവിന്റെ പേരില്‍ അന്നദാനവും നടത്തുന്നുണ്ട്. ഭര്‍ത്താവിന്റെ പ്രതിമയില്‍ പൂജ ചെയ്യുന്ന പദ്മാവതിയുടെ ചിത്രം ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.