ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി കോണ്‍ഗ്രസിനോട് പരാജയപ്പെടുമെന്ന് അഭിപ്രായ സര്‍വേ. ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി പരാജയപ്പെടുമെന്ന് സര്‍വ്വേ ഫലം വന്നിരിക്കുന്നത്. ഇതോടെ കടുത്ത നിരാശയിലാണ് ബിജെപി നേതൃത്വം.
എബിപി ന്യൂസും സി വോട്ടറും സംയുക്തമായാണ് സര്‍വേ നടത്തിയത്. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളില്‍ 117 എണ്ണവും ഛത്തീസ്ഗഢിലെ 90 സീറ്റുകളില്‍ 54 എണ്ണവും രാജസ്ഥാനിലെ 200 സീറ്റുകളില്‍ 130 എണ്ണവും കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. യഥാക്രമം 106, 33, 57 സീറ്റുകളാണ് മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ലഭിക്കുക.
28000 ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. മൂന്നുസംസ്ഥാനങ്ങളിലെയും ആളുകള്‍ തീര്‍ത്തും വ്യത്യസ്തമായ താത്പര്യമാണ് കേന്ദ്രസര്‍ക്കാരിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ പ്രകടിപ്പിച്ചത്. മൂന്നുസംസ്ഥാനങ്ങളില്‍നിന്നുള്ളവരുടേയും പ്രധാനമന്ത്രി പദത്തിലേക്കുള്ള ആദ്യ പരിഗണന നരേന്ദ്ര മോഡിക്കാണ്. രാഹുല്‍ ഗാന്ധി രണ്ടാംസ്ഥാനത്താണ്. ആകെ 65 ലോക്സഭാ മണ്ഡലങ്ങളാണ് മൂന്നു സംസ്ഥാനങ്ങളിലുമായുള്ളത്.
സര്‍വേ പ്രകാരം രാജസ്ഥാനില്‍ കോണ്‍ഗ്രസ് 51 ശതമാനം വോട്ടുകള്‍ നേടും. ബിജെപി 37 ശതമാനത്തിലേക്ക് ചുരുങ്ങും. 2013ലെ തെരഞ്ഞെടുപ്പുഫലത്തിന്റെ നേര് വിപരീതമായിരിക്കും ഇക്കുറി സംഭവിക്കുകയെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2013ല്‍ ബി ജെ പി 163 സീറ്റുകളാണ് നേടിയത്. രാജസ്ഥാനിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഈ വര്‍ഷം ആദ്യം ഉപതെരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. ഇതില്‍ ആറുസീറ്റുകളിലും കോണ്‍ഗ്രസിനായിരുന്നു ജയം. രണ്ട് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനായിരുന്നു ജയം.
സര്‍വേ പ്രകാരം രാജസ്ഥാനിലെ 41 ശതമാനം ആളുകളാണ് അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. 18 ശതമാനം ആളുകള്‍ സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. രാജസ്ഥാനിലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 47 ശതമാനം വോട്ടുകള്‍ നേടും. കോണ്‍ഗ്രസിന് 43 ശതമാനം വോട്ടുകളേ നേടാനാകു. നരേന്ദ്ര മോഡി രണ്ടാംവട്ടവും പ്രധാനമന്ത്രിയാകാണമെന്ന് 55 ശതമാനം ആളുകള്‍ ആഗ്രഹിക്കുമ്പോള്‍ 22 ശതമാനം ആളുകള്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതെന്നും സര്‍വേ പറയുന്നു.
മധ്യപ്രദേശില്‍ 42 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് നേടും. 40 ശതമാനം വോട്ടുകളേ ബിജെപിക്ക് നേടാന്‍ സാധിക്കൂ. എന്നാല്‍ ആകെയുള്ള 230 സീറ്റുകളില്‍ 117 സീറ്റുകള്‍ കോണ്‍ഗ്രസിന് നേടാന്‍ കഴിയും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 46 ശതമാനം വോട്ടുകള്‍ നേടാന്‍ സാധിക്കും. 39 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിയുക. മോഡി പ്രധാനമന്ത്രിപദത്തില്‍ തുടരണമെന്ന് 54 ശതമാനം ആളുകള്‍ ആഗ്രഹിക്കുമ്പോള്‍ 25 ശതമാനം ആളുകള്‍ മാത്രമേ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുള്ളുവെന്നും സര്‍വേ ഫലം പറയുന്നു.
ചത്തീസ് ഖണ്ഡില് നിയമസാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40ശതമാനം വോട്ടു നേടും. ബിജെപിക്ക് 39 ശതമാനം വോട്ടുകളും ലഭിക്കും. 90 സീറ്റുകളുള്ള നിയമസഭയില്‍ കോണ്‍ഗ്രസ് 54 എണ്ണത്തില്‍ വിജയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 46 ശതമാനം വോട്ടുകളും കോണ്‍ഗ്രസ് 36 ശതമാനം വോട്ടുകളും ലഭിക്കും. ഛത്തീസ്ഗഢിലെ 56 ശതമാനം ആളുകളാണ് മോഡി പ്രധാനമന്ത്രിപദത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നത്. 21 ശതമാനം ആളുകള്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകമമെന്ന് അഭിപ്രായപ്പെടുന്നതെന്നും സര്‍വേ പറയുന്നു.