താനെ: മകളുമായി ഒളിച്ചോടാന്‍ തീരുമാനിച്ച യുവാവിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊന്ന് പിതാവ്. കല്യാണ്‍ നിവാസിയായ ഷാഹില്‍ ഹാഷ്മി (19) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും അടക്കം 11 പേരെ ജിആര്‍പി അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ പിതാവ് ഷാബിര്‍ ഹാഷ്മി, സഹോദരന് ഖാസിം, ബന്ധുക്കളായ ഘുലാം അലി, ഷാഹിദ്, രുസ്താമലി, തസ്ലിം, അബ്ദുല്ല, ഫിറോസ്, റിയാസ്, ഇബ്രാഹിം എന്നിവരെയാണു അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഭിവണ്ടിയിലെ റിമാന്‍ഡ് ഹോമില്‍ അയച്ചു.
പെണ്‍കുട്ടിയും ഷാഹില്‍ ഹാഷ്മിയും ഉത്തര്‍പ്രദേശിലെ ബഡോഹി ജില്ലക്കാരാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഷാഹില്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായതു പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇഷ്ടമായിരുന്നില്ല.
തുടര്‍ന്ന് ഒളിച്ചോടാന്‍ തീരുമാനിച്ച ഷാഹില്‍, ജൂണ്‍ 19നു പെണ്‍കുട്ടിയെയും കൂട്ടി മുംബൈക്കു പോകാനായി പുറപ്പെട്ടു. ഇവര്‍ രത്നഗിരി എക്സ്പ്രസില്‍ കയറാന്‍ സാധ്യതയുണ്ടെന്നു വിവരം ലഭിച്ച പ്രതികള്‍ കല്യാണ്‍ സ്റ്റേഷനിലെത്തി ഇതേ ട്രെയിനില്‍ കയറി.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ട്രെയിനില്‍ ഷാഹിലിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി. ഇതേ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിനിടെ ഡോംബിവ്ലിയിലെ കോപര്‍-ദിവ സ്റ്റേഷനുകള്‍ക്കിടയ്ക്കു ട്രെയിനില്‍നിന്നു ഷാഹിലിനെ തള്ളിയിടുകയായിരുന്നു.
പരുക്കേറ്റു കിടന്ന ഷാഹിലിനെ പിന്നീട് ജിആര്‍പി ആശുപത്രിയില്‍ എത്തിച്ചെങ്കിലും 5 ദിവസത്തിനുശേഷം മരിച്ചു. ആദ്യം അപകട മരണത്തിനായിരുന്നു പോലീസ്് കേസ് എടുത്തത്. എന്നാല്‍ കല്യാണ്‍ സ്റ്റേഷനിലെ സിസിടിവിയുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.