ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. 2500 കോടി രൂപയുടെ ഹെറോയിനാണ് പിടികൂടിയത്. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര് അറസ്റ്റിലായി.
അറസ്റ്റിലായ നാല് പേരില്‍ ഒരാള്‍ അഫ്ഗാനിസ്ഥാന് സ്വദേശിയാണ്. ഒരാള്‍ കാശ്മീരില്‍ നിന്നുള്ള ആളും രണ്ട് പേര് പഞ്ചാബില്‍ നിന്നുള്ളവരുമാണ്. ലഹരി മരുന്നുമായി ഇവരെ ഫരീദാബാദില്‍ നിന്നാണ് പിടികൂടിയത്. 354 കിലോ ഹെറോയിനാണ് ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തത്.
അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ലഹരി മരുന്ന് ഇന്ത്യയിലെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. കടല്‍ മാര്‍ഗം മുംബൈയിലെത്തിച്ച ഇവ ഡല്‍ഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. മധ്യപ്രദേശിലെ ശിവപുരിയിലെ ഒരു ഫാക്ടറിയിലാണ് ഇവ നേരത്തെ സൂക്ഷിച്ചിരുന്നത്.
പിന്നീട് ഫരീദാബാദില്‍ ലഹരിമരുന്ന് സൂക്ഷിക്കാനായി വീടും വാടകയ്ക്കെടുത്തു. ഇതും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.പഞ്ചാബിലാണ് ലഹരിമരുന്ന് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നത്.
അഫ്ഗാനിസ്ഥാനില്‍നിന്നാണ് ഇതെല്ലാം നിയന്ത്രിച്ചിരുന്നതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലഹരിമരുന്ന് സംഘത്തിന് പണം ലഭിച്ചിരുന്നത് പാകിസ്താനില്‍നിന്നാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. അതിനാല്‍ തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.
ഡല്‍ഹി പോലീസ് ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയാണിത്. രാജ്യ തലസ്ഥാനത്തിന് സമീപത്ത് നിന്ന് ഇത്തരത്തില്‍ ലഹരി കണ്ടെടുത്തത് അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്. അതിനാല്‍ വ്യാപകമായി പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് അധികൃതര്‍.