കൊല്‍ക്കത്ത: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ ലോക്സഭാ സ്പീക്കറുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. ഇന്നലെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായിരുന്നു. രക്തശുദ്ധീകരണം നടത്തുന്നതിനിടയിലായിരുന്നു ഹൃദയാഘാതം. കഴിഞ്ഞ മാസം തലച്ചോറിലേക്കുള്ള രക്തനാഡി പൊട്ടിയതിനെ തുടര്‍ന്നും അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിരുന്നു.
മുമ്പ് മസ്തിഷ്കാഘാതത്തെത്തുടര്‍ന്നും ചികിത്സയിലായിരുന്നു. 2014-ലും അദ്ദേഹത്തിന് ചെറിയതോതില്‍ മസ്തിഷ്കാഘാതം അനുഭവപ്പെട്ടിരുന്നു. 2004-2009-ല്‍ ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് സിപിഎം നേതാവായിരുന്ന ചാറ്റര്‍ജി ലോക്സഭാ സ്പീക്കറായത്. പത്തു തവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സോമനാഥ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 2004 മുതല്‍ 2009 വരെ സ്പീക്കറായി പ്രവര്‍ത്തിച്ചു. യുപിഎ സര്‍ക്കാരിനു സിപിഎം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നു സ്പീക്കര്‍ പദവിയില്‍നിന്ന് രാജിവയ്ക്കാതിരുന്ന അദ്ദേഹത്തെ 2008ല്‍ പാര്‍ട്ടി പുറത്താക്കി.