ഭോപ്പാല്‍: സ്വകാര്യ സ്കൂളുകളില്‍ ഭീമമായ ഫീസ് ഈടാക്കുന്നതു സംബന്ധിച്ച പരാതിയുമായെത്തിയ രക്ഷിതാക്കളോട് അപമര്യാദയായി സംസാരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി. മധ്യപ്രദേശ് സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇന്ദര്‍ സിങ് പര്‍മാറാണ് പരാതി പറയാന്‍ എത്തിയ രക്ഷിതാക്കളോട് അപമര്യാദയായി പെരുമാറിയത്.
പോയി ചത്തൂടേ എന്നായിരുന്നു രക്ഷിതാക്കളോട് പര്‍മാറിന്റെ പരാമര്‍ശം. ഹൈക്കോടതിയുടെ ഉത്തരവിനെ മറികടന്ന് സ്കൂളുകള്‍ അമിതമായ ഫീസ് ഈടാക്കുന്നതായി ബന്ധപ്പെട്ട് മന്ത്രിയെ നേരിട്ടു കണ്ട് പരാതിപ്പെടാന്‍ പര്‍മാറിന്റെ വസതിയിലെത്തിയ മധ്യപ്രദേശ് പാലക് മാഹാസംഘ് എന്ന സംഘടനയിലെ നൂറോളം രക്ഷിതാക്കളോടായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അമിതഫീസ് നല്‍കാനാവില്ലെന്ന രക്ഷിതാക്കളുടെ പരാതി പരിഗണിച്ച് ട്യൂഷന് ഫീസ് മാത്രം ഈടാക്കാന്‍ ഹൈക്കോടതി സ്വകാര്യ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, കോടതി ഉത്തരവിനെ മറികടന്ന് സ്കൂളുകള്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നത് തുടര്‍ന്നു. പിന്നാലെ വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് പരാതിപ്പെടാന്‍ രക്ഷിതാക്കളെത്തി.
വിഷയത്തില്‍ മന്ത്രി ഇടപെടണമെന്നും ഫീസ് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രി പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ‘പോയ് ചാകൂ, നിങ്ങള്‍ക്കിഷ്ടമുള്ള പോലെ ചെയ്യൂ’ എന്നായിരുന്നു പര്‍മാറിന്റെ രോഷത്തോടെയുള്ള പ്രതികരണമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
അതേസമയം മന്ത്രിക്കെതിരെ മധ്യപ്രദേശില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ദര്‍ സിങ് പര്‍മാര്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പര്‍മാര്‍ രാജി വെക്കണമെന്നും രാജി വെക്കാന്‍ തയ്യാറാകാത്ത പക്ഷം മന്ത്രിസഭയില്‍ നിന്ന് പര്‍മാറിനെ പുറത്താക്കണമെന്നും രക്ഷിതാക്കളും പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു.