ജംഷെഡ്പുര്‍: കൊറോണ കാരണം ക്ലാസ്സുകളെല്ലാം ഓണ്‍ലൈനായിരിക്കുകയാണ്. എന്നാല്‍ മൊബൈല്‍ഫോണോ ലാപ്ടോപ്പോ ഇല്ലാത്തതിനാല്‍ പഠിക്കാന്‍ കഴിയാത്ത ഒരുപാട് കുരുന്നുകളുണ്ട് രാജ്യത്ത്. അത്തരത്തിലുള്ള കുട്ടികളെ സഹായിക്കാന്‍ ഒരുപാട് സുമനസ്സുകള്‍ എത്തുന്നുമുണ്ട്.
പഠിക്കാന്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ മാമ്പഴം വിറ്റ പതിനൊന്നുവയസ്സുകാരി തുല്‍സി കുമാറിന് മുന്നില്‍ ദൈവദൂതയെപ്പോലെ ഒരാള്‍ സഹായവുമായി എത്തിയ കഥയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന തുല്‍സി കുമാര്‍ എന്ന വിദ്യാര്‍ത്ഥിനിക്ക് സ്മാര്‍ട്ട്ഫോണില്ലാത്തതിനാല്‍ ക്ലാസുകള്‍ കാണാനോ കേള്‍ക്കാനോ കഴിയുന്നുണ്ടായിരുന്നില്ല.
ഫോണിനായി സ്വന്തമായി കുറച്ചു പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തുല്‍സി വഴിയോരത്ത് മാമ്പഴക്കച്ചവടം ആരംഭിക്കുകയായിരുന്നു. മാമ്പഴം വിറ്റ് കിട്ടുന്ന പണം കൂട്ടി വെച്ച് ഫോണ്‍ വാങ്ങാമെന്നായിരുന്നു ഈ പെണ്‍കുട്ടി കരുതിയത്. എന്നാല്‍ തുല്‍സിയ്ക്ക് അധികനാള്‍ മാമ്പഴവില്‍പന നടത്തേണ്ടി വന്നില്ല.
അതിനുമുമ്പ് തന്നെ തുല്‍സിയുടെ കഥ ഒരു പ്രാദേശിക ചാനലിലൂടെ അറിയാനിടയായ വാല്യുബിള്‍ എഡ്യൂടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ അമേയ ദേവദൂതനെ പോലെ അവള്‍ക്ക് സഹായവുമായെത്തി. പണമായി സഹായം നല്‍കുന്നതിന് പകരം അമേയ തുല്‍സിയുടെ കൈയ്യില്‍ നിന്നും മാമ്പഴങ്ങള്‍ വാങ്ങി പണം നല്‍കിയാണ് സഹായിച്ചത്.
ഓരോ മാമ്പഴത്തിനും 10,000 രൂപ വീതം നല്കി പന്ത്രണ്ടെണ്ണമാണ് അമേയ വാങ്ങിയത്. തുടര്‍ന്ന് 1,20,000 രൂപ തുല്‍സിയുടെ അച്ഛന് ശ്രീമല്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ ബുധനാഴ്ച ട്രാന്‍സ്ഫര്‍ ചെയ്തു. ജാര്‍ഖണ്ഡിലെ ജംഷെഡ്പുരിലാണ് തുല്‍സിയുടെ വീട്. സര്‍ക്കാര്‍ സ്കൂളില്‍ അഞ്ചാം തരത്തിലാണ് തുല്‍സി ഇപ്പോള്‍ പഠിക്കുന്നത്. ഫോണ്‍ വാങ്ങാനുള്ള പണം ലഭിച്ചതോടെ ഇനി തുല്‍സിക്ക് ക്ലാസുകള്‍ മുടങ്ങുമെന്ന സങ്കടമില്ല.