ലഖ്നൗ: ഗംഗയില്‍ വീണ്ടും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍. പ്രയാഗ് രാജിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളടക്കമാണ് ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 24 മണിക്കൂറിനുള്ളില്‍ ഇത്തരത്തില്‍ ഒഴുകിയെത്തിയ 40 മൃതദേഹങ്ങള്‍ സംസ്കരിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
കാലവര്‍ഷം ശക്തിപ്രാപിച്ച് ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഗംഗയില്‍ വീണ്ടും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പ്രയാഗ് രാജിലെ വിവിധ ഇടങ്ങളില്‍ നിന്ന് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. വായില്‍ ടൂബ് ഘടിപ്പിച്ച നിലയിലുള്ള ഒരു മൃതദേഹവും ഇത്തരത്തില്‍ കണ്ടെത്തിയിരുന്നു. നദീതീരത്ത് കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 മൃതദേഹങ്ങള്‍ സംസ്കരിച്ചതായി പ്രയാഗ് രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സോണല്‍ ഓഫീസര്‍ നിരാജ് കുമാര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മൃതദേഹങ്ങളും സംസ്കരിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹത്തില്‍ ഓക്സിജന്‍ ട്യൂബ് കാണപ്പെട്ടതിനേക്കുറിച്ചുള്ള ചോദ്യത്തിന് മരിച്ചയാള്‍ രോഗിയായിരിക്കാമെന്ന് നിരാജ് കുമാര്‍ സിംഗ് പറഞ്ഞു.
കൊവിഡ് രോഗികള്‍ അടക്കം നിരവധി പേരുടെ മൃതദേഹങ്ങള്‍ നേരത്തെയും ഗംഗയിലൂടെ ഒഴുകി എത്തിയത് വാര്‍ത്തയായിരുന്നു.