മുംബൈ:”എന്റെ അമ്മ പച്ചക്കറി വില്പനക്കാരിയാണ്, ഞാനിന്ന് ഈ നിലയിലെത്താന്‍ കാരണം അമ്മയാണ്”- പറയുന്നത് അമ്മ പച്ചക്കറി വില്‍പ്പന നടത്തുന്നതില്‍ അഭിമാനം കൊള്ളുന്ന ഉന്നത ഉദ്യോഗസ്ഥയായ ഒരു മകളാണ്.
കഷ്ടപ്പെട്ടു കൂലിപ്പണി ചെയ്തു വളര്‍ത്തി വലിയ നിലയിലെത്തുമ്പോള്‍
മാതാപിതാക്കളെ തള്ളിപ്പറയുന്ന മക്കളുണ്ട്. അവരുടെ വിയര്‍പ്പിന്റെ വിലയാണ് തന്റെ വിദ്യാഭ്യാസവും ജോലിയുമെന്നൊക്കെ മറക്കുന്നവര്‍. എന്നാല്‍ ജീവിതത്തില്‍ എത്രത്തോളം ഉയരത്തിലെത്തിയാലും കഴിഞ്ഞ കാലം മറക്കാത്ത ചിലരുണ്ട്.
വലിയ കമ്പനികളില്‍ ഉയര്‍ന്ന ഉദ്യോഗം ചെയ്യുന്നവരായിട്ടും പച്ചക്കറി വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ഒരമ്മയെ അഭിമാനമായി കൊണ്ടുനടക്കുന്ന മക്കളുടെ കഥ ഹ്യൂമന്‍സ് ഓഫ് ബോംബെയാണ് ലോകത്തിന് പരിചയപ്പെടുത്തുന്നത്.
മുംബൈ സ്വദേശിയായ അമ്മ പച്ചക്കറി വിറ്റ് ജീവിക്കുന്നതും അതിനെ ഒട്ടും കുറച്ചിലായി കാണാത്ത മക്കളെക്കുറിച്ചുമൊക്കെ അഭിമാനത്തോടെ മനസു തുറക്കുന്നത്.
”വിവാഹിതയാകുമ്പോള്‍ എനിക്ക് പന്ത്രണ്ടു വയസ്സായിരുന്നു പ്രായം. അന്ന് ഞാനും എന്റെ ഭര്‍ത്താവും കുട്ടികളായിരുന്നു. ചെറുപ്പത്തിലെ വിവാഹിതയാകുന്നത് ഒരുപാട് ഉത്തരവാദിത്തങ്ങള്‍ പഠിപ്പിക്കും. അന്നന്നത്തെ ചെലവുകള്‍ക്കായി ഞങ്ങളിരുവരും നന്നായി കഷ്ടപ്പെട്ടിരുന്നു. കെട്ടിടം പണിയായിരുന്നു ആദ്യമൊക്കെ ചെയ്തിരുന്നത്. പതിമൂന്നു രൂപയാണ് ദിവസം കിട്ടിയിരുന്നത്. സ്ഥിരവരുമാനമില്ലാതെ കുട്ടികളെക്കുറിച്ചു ചിന്തിക്കില്ലെന്ന് ഞങ്ങളിരുവരും നേരത്തെ തീരുമാനിച്ചിരുന്നു.
അങ്ങനെയാണ് ഞങ്ങള്‍ നാല്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ബോംബെയിലെത്തി ഈ പച്ചക്കറിക്കട കെട്ടുന്നത്. ജോലികള്‍ തുല്യമായി വീതിച്ചാണ് ചെയ്തിരുന്നത്. ഞാനൊരു നല്ല സെയില്‍സ് വുമണായിരുന്നു. തിരക്കുള്ള ദിവസങ്ങളില്‍ ഞാനിവിടെ പച്ചക്കറിക്കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ നില്ക്കുമ്പോള് അദ്ദേഹം വീട്ടിലെ കാര്യങ്ങള്‍ നോക്കുമായിരുന്നു. മക്കളെപ്പോലും ഞങ്ങള്‍ വളര്‍ത്തിയത് ഷിഫ്റ്റ് വച്ചാണ്.
പാചകവും വൃത്തിയാക്കലും കുട്ടികളുടെ ഫീസ് സമയത്തിന് നല്‍കുക എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം പങ്കാളിത്തത്തോടെയാണ് ചെയ്തിരുന്നത്. ഇന്ന് ഞങ്ങളുടെ മൂന്നുമക്കളും വലിയ കമ്പനികളാണ് ജോലി ചെയ്യുന്നത്. അവരെക്കുറിച്ചു ഞങ്ങള്‍ അഭിമാനിക്കുന്നുണ്ട്. അവര്‍ ഒരുപാട് പണം സമ്പാദിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ ഈ ജോലി നിര്‍ത്തില്ലെന്ന് അവര്‍ക്കറിയാം. ഇതാണ് എന്റെ ജീവിതത്തില്‍ എനിക്കാകെ അറിയാവുന്നത്. ദിവസത്തില്‍ നല്ലൊരു തുക സമ്പാദിക്കാന്‍ കഴിയുമ്പോള്‍ എനിക്കിപ്പോഴും ആവേശം തോന്നാറുണ്ട്. വീട്ടില്‍ വെറുതെയിരുന്നിട്ട് ഞാന്‍ എന്തു ചെയ്യാനാണ്?
പഠിച്ചിട്ടില്ലെങ്കില്‍ പോലും ഈ കടയാണ് എനിക്ക് എന്തെങ്കിലുമൊക്കെ ആകാനുള്ള സ്വാതന്ത്ര്യം നല്‍കിയത്. ആദ്യമൊക്കെ മക്കള്‍ക്ക് ഞങ്ങള്‍ പച്ചക്കറി വില്പനക്കാരാണെന്നു പറയാന്‍ നാണക്കേടു തോന്നുമോ എന്ന് ആലോചിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ഞങ്ങളേക്കാള്‍ അഭിമാനമാണുള്ളത്. അടുത്തിടെ എന്റെ മകള്‍ അവളുടെ സഹപ്രവര്‍ത്തകരോട് എന്നെ ഇങ്ങനെയാണ് അഭിസംബോധന ചെയ്തത് ” എന്റെ അമ്മ പച്ചക്കറി വില്പനക്കാരിയാണ്, ഞാനിന്ന് ഈ നിലയിലെത്താന്‍ കാരണം അമ്മയാണ്”- അതു കേട്ടപ്പോള്‍ സന്തോഷം കൊണ്ട് എന്തു പറയണമെന്നു പോലും അറിയാതെ ഞാന്‍ നിന്നു.”